കാട്ടാക്കട: ' പണമാണ് പ്രശ്‌നം, ആവുന്നതും പിടിച്ചുനിൽക്കാൻ നോക്കി.കഴിയുന്നില്ല. ഞാൻ പോവുകയാണ് അപ്പാ മെമ്പർ സ്ഥാനം രാജിവയ്ക്കണ്ട. നാട്ടുകാർ ജയിച്ചു... ഞാൻ തോറ്റു. അപ്പാ...അപ്പാ..അപ്പാ... ഞാൻ പോകുന്നു.....
ഓൺലൈൻ റമ്മിയുടെ ചതിക്കുഴിയിൽപ്പെട്ട് കടബാദ്ധ്യതയിലായ വി.എച്ച്. വിനീതിന്റെ ആത്മഹത്യാക്കുറിപ്പാണിത്. മൃതദേഹത്തിൽ നിന്നും കണ്ടെടുത്ത കുറിപ്പ് നെയ്യാർഡാം എസ്.ഐ സാജു വായിക്കുമ്പോൾ കുറ്റിച്ചലുകാർ വിങ്ങലോടെ കേട്ടുനിന്നു. കുറ്റിച്ചൽ പഞ്ചായത്തിലെ ഒന്നാം വാർഡ് മെമ്പർ നിലമ വിനീഷ് ഭവനിൽ കെ. വേലായുധൻപിള്ള - ഹരിജ ദമ്പതികളുടെ മകൻ വി.എച്ച്. വിനീതിനെ (28) കഴിഞ്ഞ ദിവസം വീടിന് സമീപത്തെ റബർ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സൗമ്യനായ വിനീത് നിലമ നിവാസികൾക്ക് ഏറെ പ്രിയങ്കരനായിരുന്നു. പഠനം കഴിഞ്ഞ് നാട്ടിലുണ്ടായിരുന്നപ്പോഴും വിദേശത്തുപോയി മടങ്ങി വന്നശേഷവും വിനീതിന് നാട്ടിൽ വലിയൊരു സൗഹൃദവലയം ഉണ്ടായിരുന്നു. എന്നാൽ ലക്ഷങ്ങളുടെ കടബാദ്ധ്യത റമ്മികളിയിലൂടെ വിനീത് വരുത്തിയെന്ന് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. ഇന്നലെ പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ വൻജനാവലി എത്തിയിരുന്നു. സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് മറ്റ് മാർഗങ്ങളില്ലാതെ ആത്മഹത്യ ചെയ്യുകയാണെന്ന കുറിപ്പ് മൃതദേഹത്തിൽ നിന്നും പൊലീസ് കണ്ടെടുക്കുകയായിരുന്നു. ഗൾഫിൽ നിന്നും മടങ്ങിയെത്തിയ വിനീത് വലിയമല ഐ.എസ്.ആർ.ഒയിൽ താത്കാലിക ജോലി നോക്കിയിരുന്നു. ലോക്ക് ഡൗൺ വന്ന് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെ വരുമാനം നിലച്ചു. തുടർന്നാണ് വിനീത് ഓൺലൈൻ റമ്മിയുടെ മോഹവലയത്തിൽ അകപ്പെട്ടത്. സുഹൃത്തുക്കളിൽ നിന്നും മറ്റും പണം കടംവാങ്ങിയും ആഭരണങ്ങൾ കടംവാങ്ങി പണയം വച്ചും റമ്മി കളി തുടർന്നു. 25 ലക്ഷത്തിന്റെ കടമായപ്പോഴാണ് വിവരം വീട്ടുകാരെ അറിയിക്കുന്നത്. കുറച്ചു കടം വീട്ടാൻ കുടുംബം സഹായിക്കുകയും ചെയ്‌തിരുന്നു. ഇതിനിടെ കഴിഞ്ഞ മാസം വിനീതിനെ കാണാതായി. ബന്ധുക്കളുടെ പരാതിയിൽ വിനീതിനെ രണ്ടുദിവസത്തിനകം കോട്ടയത്ത് നിന്ന് പൊലീസ് കണ്ടെത്തി. വീട്ടിൽ തിരിച്ചെത്തിയ ശേഷവും ഇയാൾ വിഷാദത്തിലായിരുന്നു. ബന്ധുവീടുകളിൽ നിറുത്തിയിട്ടും മാറ്റം വരാത്തതിനെ തുടർന്ന് വീട്ടിൽ തിരികെ കൊണ്ടുവന്നു. ഇതിനിടെ കഴിഞ്ഞ വ്യാഴാഴ്ച വീണ്ടും കാണാതാവുകയായിരുന്നു. ബാഗുമായി വീടിന് സമീപത്തെ റബർ തോട്ടത്തിലേക്ക് പോകുന്നത് കണ്ടതായി ചിലർ പറഞ്ഞതനുസരിച്ചു നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ വിനീതിനെ കണ്ടെത്തിയത്. വി.എച്ച്. വിനീഷ് സഹോദരനാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം ശാന്തികവാടത്തിൽ സംസ്‌കരിച്ചു.