തിരുവനന്തപുരം: കൊല്ലം സഹകരണ സ്പിന്നിംഗ് മില്ലിലെ നവീകരണ പ്രവർത്തനങ്ങളുടെ ആദ്യഘട്ട ഉദ്ഘാടനം ഈ മാസം നടത്തുമെന്ന് ചെയർമാൻ ജോർജ് മാത്യു അറിയിച്ചു. നവീകരണ പ്രവർത്തനങ്ങൾക്കായി 2018 സെപ്തംബർ 27മുതൽ മിൽ അടച്ചിട്ടിരിക്കുകയാണ്. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന നവീകരണ പ്രവർത്തനങ്ങളാണ് ഈ സർക്കാർ വന്നതിന് ശേഷം നടക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കുടിശികയുണ്ടായിരുന്ന 44 പേരുടെ ഗ്രാറ്റുവിറ്റി തുകയായ 119 ലക്ഷത്തിൽ 100 ലക്ഷത്തോളം രൂപ വിതരണം ചെയ്തു. പല സ്പിന്നിംഗ് മില്ലുകളിലും 2013 മുതലുള്ള ഗ്രാറ്രുവിറ്റി കുടിശികയായി കിടക്കുമ്പോൾ കൊല്ലം സഹകരണ സ്പിന്നിംഗ് മില്ലിൽ 2016 വരെയുള്ള കുടിശിക നൽകിയിട്ടുണ്ട്.
പി.എഫ് കുടിശികയായ 2 കോടി 47 ലക്ഷം രൂപയും ഇ.എസ്.ഐ ഇനത്തിൽ 63 ലക്ഷം രൂപയും നൽകുകയുണ്ടായി. 2020 മാർച്ച് വരെ പെൻഷൻ പറ്റിയ ജീവനക്കാരുടെ മുഴുവൻ ആനുകൂല്യങ്ങളും അടച്ചിട്ടുണ്ട്. നവീകരണ സമയത്ത് വിരമിച്ചവരുടെ ഗ്രാറ്റുവിറ്റി തുക മാത്രമാണ് ഇനി നൽകാനുള്ളത്. ഈ തുക അനുവദിക്കുന്നതിനായി സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ട്. ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പെൻഷനേഴ്സ് ഫോറം പ്രവർത്തകർ കിംവദന്തികളിൽ വീഴരുതെന്നും ചെയർമാൻ പ്രസ്താവനയിൽ പറഞ്ഞു.