തിരുവനന്തപുരം: ക്ലേ ഫാക്ടറിയിൽ കയറ്റിറക്ക് തൊഴിലാളിയായ പ്രബുലകുമാറിന്റെ മരണത്തിൽ ദുരൂഹതയുള്ളതായി തൊഴിലാളികൾ ആരോപിച്ചു. മാസങ്ങളായി പൂട്ടിക്കിടക്കുന്ന ഫാക്ടറിയിൽ നിന്ന് യന്ത്ര സാമഗ്രികൾ കടത്തിക്കൊണ്ടു പോകാൻ നീക്കമുള്ളതായും ഇത് പ്രബുലകുമാർ കണ്ടിട്ടുണ്ടാകാമെന്നും തൊഴിലാളികളിൽ ചിലർ പറഞ്ഞു. അതിനാൽ മരണത്തിൽ ദുരൂഹതയുണ്ട്. ഗേറ്റ് പൂട്ടിയിട്ടിരുന്ന സാഹചര്യത്തിൽ സെക്യൂരിറ്റി അറിയാതെ ഒരാൾക്ക് കമ്പനി കെട്ടിടത്തിനകത്ത് കടക്കാൻ സാധിക്കില്ല. രാത്രിയിൽ കമ്പനിയിൽ നിന്ന് യന്ത്ര സാമഗ്രികൾ കടത്തുന്നത് പ്രബുലകുമാർ കാണാൻ ഇടയായിട്ടുണ്ടാകാമെന്നും തൊഴിലാളികളിൽ ചിലർ പറയുന്നു. ഇവിടെയുള്ള സി.സി ടിവി അടക്കമുള്ള സംവിധാനങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും അവർ പറഞ്ഞു. 146 ദിവസമായി കമ്പനി പൂട്ടിക്കിടക്കുകയാണ്. കമ്പനി ഇവിടെ നിന്ന് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അടച്ചിട്ടിരിക്കുന്നതെന്നും തൊഴിലാളികൾ ആരോപിച്ചു. ഇത് സ്വകാര്യ വ്യക്തിക്ക് തീറെഴുതാൻ ശ്രമമുണ്ടെന്നും അവർ പറഞ്ഞു.
സങ്കടക്കടലിൽ തൊഴിലാളികൾ
സഹപ്രവർത്തകന്റെ മരണവാർത്ത അറിഞ്ഞപാടെ തൊഴിലാളികൾ ഫാക്ടറിയിലേക്ക് ഒഴുകിയെത്തി. ഒരുമിച്ച് ജോലി ചെയ്‌തിരുന്ന പലരും കണ്ണീരടക്കാനാവാതെ വിതുമ്പി. മൃതദേഹം കാണാൻ അനുവദിക്കാതിരുന്നതോടെ ചിലർ പൊലീസുകാരോട് തട്ടിക്കയറി. പ്രബുലകുമാറിന് നീതി നൽകണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ ഫാക്ടറിക്ക് മുന്നിൽ മണിക്കൂറുകൾ പ്രതിഷേധിച്ചു. പലപ്പോഴും വാക്കുതർക്കത്തിന്റെ വക്കോളമെത്തിയ പ്രതിഷേധം തൊഴിലാളികളിൽ ചിലർ ഇടപെട്ട് തണുപ്പിച്ചു. റോഡ് ഉപരോധിക്കാൻ ശ്രമിച്ചവരെ പൊലീസ് ഇടപെട്ട് തടഞ്ഞു. മന്ത്രിയോടും തൊഴിലാളി നേതാക്കളോടും സഹപ്രവർത്തകർ സങ്കടങ്ങൾ വിശദീകരിച്ചു. പറക്കുമുറ്റാത്ത കുഞ്ഞുങ്ങളടങ്ങുന്ന കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും അവർ അപേക്ഷിച്ചു.