പൂവാർ: കൊച്ചുതുറയിൽ ഫുട്ബാൾ ഗ്രൗണ്ടിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഇടവക വികാരി ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. കൊച്ചുതുറ സെന്റ് ആന്റണീസ് ചർച്ചിലെ വികാരി ഫാ. പ്രബിൻ, ഇടവക കോ- ഓർഡിനേറ്റർ സന്ധ്യ സോളമൻ, ബിജോയ്, വെബിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഫാ.പ്രബിന്റെ പരിക്ക് ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പ്രതിഷേധിച്ച് വിശ്വാസികൾ മണിക്കൂറുകളോളം ഗതാഗതം തടഞ്ഞു.
ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കുറച്ചുനാളായി കൊച്ചുതുറ ഇടവകയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഗ്രൗണ്ടിനെച്ചൊല്ലി ഇടവകയും സമീപത്തെ ക്ളബുമായി തർക്കത്തിലായിരുന്നു. ഗ്രൗണ്ടിൽ മഴവെള്ളം ഒഴുകിയെത്തുന്നതിനെ തുടർന്ന് മെയിൻ റോഡിലെ വഴി ക്ളബ് അംഗങ്ങൾ അടച്ചു. ഇന്നലെ ഗോതമ്പ് റോഡിന് താഴെയുള്ള സ്ഥലത്ത് ക്ലബ് ടൂർണമെന്റ് സംഘടിപ്പിച്ചു.ഈ രണ്ട് സ്ഥലങ്ങളിലും ടൂർണമെന്റ് നടത്താൻ പാടില്ലെന്ന കളക്ടറുടെ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇടവക കമ്മിറ്റി കാഞ്ഞിരംകുളം പൊലീസിൽ പരാതി നൽകി. ഇതിനിടെ റോഡിൽ അടച്ച വഴി തുറക്കാനെത്തിയ ഇടവക വികാരിയെയും ഭാരവാഹികളെയും ക്ലബിലെ ആളുകൾ മർദ്ദിക്കുകയായിരുന്നു. സംഭവത്തിന് ശേഷവും ക്ലബ് ടൂർണമെന്റ് സംഘടിപ്പിച്ചു. ചികിത്സയിൽ കഴിയുന്ന ഇടവക വികാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് ചാർജ് ചെയ്യുമെന്ന് കാഞ്ഞിരംകുളം പൊലീസ് അറിയിച്ചു.