neelam

തിരുവനന്തപുരം:കവിതയിൽ പുരോഗമന ആശയങ്ങൾ മുഴക്കിയ പ്രശസ്ത കവി നീലമ്പേരൂർ മധുസൂദനൻ നായർ (84) അന്തരിച്ചു. വാർദ്ധക്യ സഹജമായ രോഗത്തെ തുടർന്ന് പട്ടം ശ്രീ ഉത്രാടം തിരുനാൾ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് 6.55നായിരുന്നു അന്ത്യം.

സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് ശാന്തികവാടത്തിൽ.

അന്ന് രാവിലെ 10 മുതൽ പട്ടം മുണ്ടശ്ശേരി ഹാളിലും തുടർന്ന് കുറവൻകോണം പി.ആർ.ലെയിനിലെ നീലംപേരൂർ ഹൗസിലും പൊതുദർശനത്തിനു വയ്ക്കും.

പരമ്പരാഗതവും വൃത്തബദ്ധവുമായ രൂപശില്പത്തിന് പ്രാധാന്യം നൽകിയ കവിയായിരുന്നു. ഇടതുപക്ഷ സഹയാത്രികനായിരുന്നു. ദീർഘകാലം പുരോഗമന കലാസാഹിത്യസംഘം തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിരുന്നു.

1936 മാർച്ച് 25നു കുട്ടനാട്ടിലെ നീലമ്പേരൂർ ഗ്രാമത്തിലാണ് ജനനം. പിതാവ് അദ്ധ്യാപകനായിരുന്ന പി. എൻ. മാധവപിളള, മാതാവ് ജി. പാർവതി അമ്മ.

കുറച്ചുകാലം അദ്ധ്യാപകനായിരുന്നു. പിന്നീട് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിൽ മാർക്കറ്റ് അനലിസ്റ്റ് ആയി. ജോയിന്റ് ഡയറക്ടറായി വിരമിച്ചു.

ചമത എന്ന കാവ്യസമാഹാരത്തിന് 2000 ലെ കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം ലഭിച്ചു. മൗസലപർവ്വം, അഴിമുഖത്തു മുഴങ്ങുന്നത്, സൂര്യനിൽ നിന്നൊരാൾ തുടങ്ങി 14 കാവ്യസമാഹാരങ്ങൾ ഉൾപ്പെടെ 27ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. സിനിമാഗാന രചനയും വിവർത്തനവും നിർവഹിച്ചിട്ടുണ്ട്.

സാഹിത്യ അക്കാഡമിയുടെ പ്രഥമ കനകശ്രീ പുരസ്‌കാരം,​ മൂലൂർ സ്മാരക പുരസ്‌കാരം,​ സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരം (1998) എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ: കെ. എൽ. രുക്മിണീദേവി. മക്കൾ: എം. ദീപുകുമാർ (യു.എസ്.എ), എം. ഇന്ദുലേഖ (യു.എസ്.എ). മരുമക്കൾ: സരിത, മനോജ് പരമേശ്വരൻ (യു.എസ്.എ).