crime

കൊല്ലം : മദ്യലഹരിയിലായിരുന്ന സുഹൃത്തുക്കളെ രാത്രിയിൽ നാലംഗസംഘം മർദ്ദിച്ചതായി പരാതി. ഇതിൽ ഒരാൾക്ക് മുഖത്ത് കുത്തേറ്റു. വെള്ളിയാഴ്ച്ച രാത്രി പന്ത്രണ്ടരയോടെ അഞ്ചാലുംമൂട് മുരിങ്ങമൂട്ടിലായിരുന്നു സംഭവം. മുരിങ്ങമൂട്, വിഷ്ണു വർക്ക്ഷോപ്പിന് സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന സുൽഫിക്കറിനാണ് (35) കുത്തേറ്റത്. മുരിങ്ങമൂട്ടിലെ വീട്ടിൽ മദ്യപിച്ചിരിക്കേ നാലുപേരടങ്ങുന്ന സംഘം ഇവരെ ആക്രമിക്കുകയായിരുന്നെന്ന് സുഹൃത്ത് സിനോജ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ബഹളംകേട്ട് പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് അഞ്ചാലുംമൂട് പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് സുൽഫിക്കറിനെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് നാലംഗ സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് മൊഴി നൽകിയത്. ജില്ലാ ആശുപത്രിയിലെത്തിച്ച സുൽഫിക്കറിനെ പിന്നീട് മെഡി. കോളേജിലേക്ക് മാറ്റി. അഞ്ചാലുമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.