തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ക്ഷീണമുണ്ടായ ഇടങ്ങളിൽ ബി.ജെ.പിക്ക് നേട്ടമുണ്ടായെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായം. ജില്ലാ ഘടകങ്ങളുടെ തിരഞ്ഞെടുപ്പ് അവലോകനങ്ങൾ ക്രോഡീകരിച്ച് സെക്രട്ടറി എ. വിജയരാഘവൻ അവതരിപ്പിച്ച റിപ്പോർട്ടിന്റെ ചർച്ചയിലാണ് ഭൂരിഭാഗം പേരും ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
വെൽഫെയർ പാർട്ടി ബാന്ധവം കോൺഗ്രസിന് ദോഷമായത് ബി.ജെ.പിക്ക് ഗുണമായി. കോൺഗ്രസ് മതേതര നിലപാടിൽ വെള്ളം ചേർത്തെന്ന പ്രതീതി ഉണ്ടായത് അവരുടെ പരമ്പരാഗത വോട്ട്ബാങ്കിൽ വിള്ളലുണ്ടാക്കി. അതിനെ ഉപയോഗിച്ച് ഉത്തരേന്ത്യൻ മോഡൽ വളർച്ചയ്‌ക്കാണ് ബി.ജെ.പി ശ്രമിച്ചത്. എങ്കിലും ചില പോക്കറ്റുകളിൽ മാത്രമേ ബി. ജെ. പി മുന്നേറിയുള്ളൂവെന്നും സി.പി.എം വിലയിരുത്തുന്നു.
ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രാദേശികമായ വിഭാഗീയപ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കാൻ സംസ്ഥാനകമ്മിറ്റി ജില്ലാഘടകങ്ങളോട് നിർദ്ദേശിക്കും. പന്തളത്തെ ബി.ജെ.പി മുന്നേറ്റത്തിന് കോൺഗ്രസിന്റെ ക്ഷീണം കാരണമാണെങ്കിലും പാർട്ടിയിലെ വിഭാഗീയതയും സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളും വിനയായെന്നാണ് വിലയിരുത്തൽ.
കേരള കോൺഗ്രസ്-എം ജോസ് വിഭാഗത്തിന്റെ വരവ് മദ്ധ്യതിരുവിതാംകൂറിൽ ഇടതിന് ഗുണം ചെയ്തു. യു.ഡി.എഫിന്റെ വെൽഫെയർ പാർട്ടി ബന്ധം തുറന്നുകാട്ടാൻ നടത്തിയ ഇടപെടലും ക്രൈസ്തവമേഖലയിലടക്കം ഗുണമായി. മതേതര നിലപാട് ഉയർത്തിപ്പിടിക്കുന്ന മുസ്ലിം ജനസാമാന്യത്തിന്റെ പിന്തുണയും ലഭിച്ചു. മുസ്ലിംലീഗ് അവരുടെ ശക്തികേന്ദ്രങ്ങളിൽ മുന്നേറ്റമുണ്ടാക്കി. അതിനപ്പുറത്തേക്ക് വലിയ സ്വാധീനം അവർക്കുണ്ടാക്കാനായില്ല.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് പ്രധാനമായും ബി.ജെ.പി നേട്ടമുണ്ടാക്കിയത്. ഈഴവ, നായർ വോട്ടുകൾ ചില പോക്കറ്റുകളിൽ ബി.ജെ.പിക്ക് നല്ലതോതിൽ നേടാനായെങ്കിലും മുൻ തിരഞ്ഞെടുപ്പുകൾ നോക്കുമ്പോൾ അവർക്ക് വലിയ രാഷ്ട്രീയനേട്ടം ഉണ്ടായില്ല. വോട്ട് ശതമാനക്കണക്കിൽ വലിയ വ്യത്യാസം ഇടത്, വലത് മുന്നണികൾ തമ്മിൽ ഇല്ലെങ്കിലും സീറ്റുകളുടെ എണ്ണത്തിൽ നല്ല നേട്ടം ഇടതുമുന്നണിക്കുണ്ടായി. സർക്കാരിന്റെ ജനക്ഷേമ, വികസന പദ്ധതികൾ ജനങ്ങൾ സ്വീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ഇതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ശക്തമാക്കണം. മതേതര നിലപാട് ശക്തമായി ഉയർത്തിപ്പിടിക്കണമെന്നും ചർച്ചയിൽ പലരും ചൂണ്ടിക്കാട്ടി. സംസ്ഥാനകമ്മിറ്റി ഇന്ന് അവസാനിക്കും.