khan

വൈകിയാണെങ്കിലും ഷാരൂഖ് തന്റെ ആരാധകർക്കുള്ള പുതുവത്സരാശംസകളുമായി എത്തിയിരുന്നു. ഒപ്പം അടുത്ത വർഷം ബിഗ് സ്‌ക്രീനിൽ കണ്ടുമുട്ടാം എന്നും അദ്ദേഹം ആരാധകരോട് പറഞ്ഞു. രണ്ട് വർഷമായി സിനിമയൊന്നും ചെയ്യാതെ ഇടവേളയെടുത്തിരിക്കുകയായിരുന്നു കിങ് ഖാൻ. തങ്ങളുടെ സൂപ്പർതാരത്തെ വീണ്ടും സ്‌ക്രീനിൽ കാണാമെന്ന ആവേശത്തിലാണ് ഇതോടെ ആരാധകർ. ആനന്ദ്.എൽ.റായ് ചിത്രം സീറോയിലായിരുന്നു ഷാരൂഖ് അവസാനമായി അഭിനയിച്ചത്. 2018 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. സിനിമയുടെ പരാജയത്തിന് പിന്നാലെയാണ് ഷാരൂഖ് സിനിമയിൽ നിന്നും ബ്രേക്ക് എടുത്തത്. ഈ രണ്ട് വർഷത്തിനിടെ ഷാരൂഖിന്റെ പുതിയ സിനിമയെ ചൊല്ലി പല അഭ്യൂഹങ്ങളുമുണ്ടായിരുന്നു. വൈ.ആർ.എഫിന്റെ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ഷാരൂഖ് അഭിനയിച്ചു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ നല്ല, കൂടുതൽ പ്രകാശം നിറഞ്ഞ, കൂടുതൽ മനോഹരമായൊരു വർഷമാണ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലൂടെ ഷാരൂഖ് നേർന്നത്. തന്റെ സ്വതസിദ്ധമായ ശൈലിയിലായിരുന്നു ഷാരൂഖിന്റെ വീഡിയോ. തന്റെ ടീം അവധിയിലായതിനാൽ താൻ തന്നെയാണ് വീഡിയോ ഷൂട്ട് ചെയ്തതും എഡിറ്റ് ചെയ്തതും അതുകൊണ്ടാണ് പോസ്റ്റ് ചെയ്യാൻ വൈകിയതെന്നും ഷാരൂഖ് വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോയ്ക്കിടെ ഈച്ചയെ ഓടിച്ചും തമാശ പറഞ്ഞും ഷാരൂഖ് ചിരിപടർത്തുന്നുണ്ട്. . വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.