പാലോട്: പെരിങ്ങമ്മല പഞ്ചായത്തിൽ കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള പോരിനിടെ ലീഗ് നേതാവ് ഇടവം ഖാലിദിന്റെ വീടിനുനേരേ കല്ലേറ്. കഴിഞ്ഞ ദിവസം രാത്രിയാണ് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ഇടവം ഖാലിദിന്റെ വീടിന് ആരോ കല്ലെറിഞ്ഞത്. ജനൽ ചില്ലുകൾ പൊട്ടി. കോൺഗ്രസ് പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് ലീഗ് ആരോപിച്ചു. എന്നാൽ, സംഭവത്തിൽ പങ്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പാലോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പോടെയാണ് പോരിന് തുടക്കമായത്.
ലീഗ് അംഗമായ നസീമ ഇല്യാസിനെ യു.ഡി.എഫിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കണമെന്നാണ് ലീഗ് ആവശ്യപ്പെട്ടത്. യു.ഡി.എഫ് യോഗത്തിൽ കോൺഗ്രസ് ഇത് അംഗീകരിച്ചിരുന്നു. എന്നാൽ , സ്വതന്ത്ര അംഗങ്ങളിലൊരാൾ ലീഗിന്റെ തന്നെ ബി. വസന്തയുടെ പേര് നിർദ്ദേശിച്ചു. മറ്റൊരു സ്വതന്ത്ര അംഗം പിൻതാങ്ങുകയും ചെയ്തു. ഇതോടെ ,കോൺഗ്രസ് അംഗങ്ങൾ വസന്തയ്ക്ക് വോട്ടുചെയ്തു. കോണി ചിഹ്നത്തിലാണ് വസന്ത മത്സരിച്ച് വിജയിച്ചതും. നസീമ ഇല്യാസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കാമെന്ന് ഉറപ്പു നൽകിയ ശേഷം കോൺഗ്രസ് നേതാക്കൾ ലീഗിനെ വഞ്ചിച്ചുവെന്നാണ് നേതാക്കളുടെ ആരോപണം. തുടർന്ന് വസന്തയെ രാജിവയ്പ്പിക്കാൻ ലീഗ് ശ്രമിച്ചു. ലീഗ് നേതാക്കൾ വസന്തയുടെ വീട്ടിലെത്തി രാജിക്കത്തിൽ ഒപ്പിടാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ല. പിന്നീട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ കോൺഗ്രസ്, ലീഗ് നേതാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ ലീഗിന്റെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ വെവ്വേറെ പ്രതിഷേധ പ്രകടനങ്ങൾ പെരിങ്ങമ്മലയിൽ നടന്നു. ഇതിനിടെയാണ് ഇടവം ഖാലിദിന്റെ വീടിനു നേരേ കല്ലേറുണ്ടായത്.