road

കിളിമാനൂർ: സമീപ പ്രദേശങ്ങളിലെ ഇടറോഡുകൾ വരെ അത്യാധുനിക നിലവാരത്തിൽ പണി കഴിച്ചപ്പോൾ തങ്ങളുടെ റോഡിന്റെ കുഴികളെങ്കിലും ഒന്നു അടച്ച് തരണമേ എന്നാണ് അധികൃതരോട് നന്ദായ് വനം നിവസികളുടെ അഭ്യർത്ഥന. ഇത് നന്ദായ് വനത്തുകാരുടെ മാത്രമല്ല ശിവൻ മുക്ക് മുതൽ പൊയ്ക വിളവരെയുള്ള മുഴുവൻ താമസക്കാരുടെയും ആഗ്രഹം കൂടിയാണ്.

നഗരൂർ പഞ്ചായത്തിലെ ശിവൻ മുക്ക് മുതൽ പൊയ്ക വിള ജംഗ്ഷൻ വരെയുള്ള നാല് കിലോമീറ്റർ റോഡ് ടാർ ഇളകി മെറ്റലും കുഴിയുമായി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇവിടെ ഇരു ചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവ് കാഴ്ചയാണ്. ഓട്ടോറിക്ഷ ഉൾപ്പെടെ മറ്റ് വാഹനങ്ങൾ ആശുപത്രി ആവശ്യങ്ങൾക്ക് വിളിച്ചാൽ പോലും റോഡിന്റെ ഈ ഗതി കാരണം വരാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ രണ്ട് ബസുകൾ സർവീസ് നടത്തുന്ന ഇവിടെ എത്രയും വേഗം റോഡ് പുനർനിർമാണം നടത്താൻ ത്രിതല പഞ്ചായത്ത് ഭരണസമിതികൾ കനിവ് കാട്ടണം എന്നാണ് നാട്ടുകരുടെ ആവശ്യം.