ksrtc

തിരുവനന്തപുരം: ട്രാൻസ്‌പോർട്ട് കോർപ്പറേഷന് സമാന്തരമായി കേരളത്തിൽ ആദ്യമായി പൊതുഗതാഗതത്തിന് സർക്കാർ ട്രാൻസ്പോർട്ട് കമ്പനി രൂപീകരിക്കുന്നു. 'കെ -സ്വിഫ്റ്റ് ' എന്നായിരിക്കും പേര്. ഈ മാസം 26ന് ഔദ്യോഗിക പ്രഖ്യാപനം വന്നേക്കും.

ഓർഡിനറി,​ ഫാസ്റ്റ് പാസഞ്ചർ ബസുകൾ നിലവിലുള്ള കോർപ്പറേഷനിൽ തുടരുമ്പോൾ സൂപ്പർ ഫാസ്റ്റ് മുതലുള്ള ദീർഘദൂര സർവീസുകളും സി.എൻ.ജി, ഇലക്ട്രിക് ബസുകളും ഉൾപ്പെടെ രണ്ടായിരത്തോളം ബസുകൾ പുതിയ കമ്പനിയുടെ കീഴിലാക്കും. കെ.എസ്. ആർ.ടി.സി ജീവനക്കാർ നിലവിലെ സംവിധാനത്തിൽ തുടരും. കമ്പനിയുമായി ബന്ധമുണ്ടാവില്ല.

കിഫ്ബി ധനസഹായത്തോടെ വാങ്ങുന്ന സി.എൻ.ജി, ഇലക്ട്രിക് ബസുകൾക്കായി കെ.എസ്.ആർ.ടി.സിക്കു കീഴിൽ ഉപ കോർപ്പറേഷൻ രൂപീകരിക്കാനായിരുന്നു ധനവകുപ്പിന്റെ നിർദ്ദേശം. അതിനായി എം.ഡി ബിജു പ്രഭാകർ കണ്ടെത്തിയ പേരാണ് 'സ്വിഫ്റ്റ് '. എന്നാൽ വീണ്ടും ഒരു കോർപറേഷൻ രൂപീകരിച്ചാൽ കെ. എസ്. ആർ.ടിസിയുടെ ദുർഗതിയാകുമോ എന്ന ആശങ്കയും ജൻറം ബസുകൾക്കായി കെ.യു.ആർ.ടി.സി രൂപീകരിച്ചിട്ടും നേട്ടമുണ്ടാകാത്തതും കണക്കിലെടുത്താണ് കമ്പനി മതിയെന്ന് ഗതാഗത വകുപ്പ് തീരുമാനിച്ചത്.

കമ്പനി വന്നാൽ

 മുടക്കുമുതൽ 510 കോടി

കിഫ്ബി വായ്‌പയായി നൽകുന്ന 280 കോടിയും ഇലക്ട്രിക് ബസുകൾ വാങ്ങാൻ കേന്ദ്രസർക്കാർ നൽകുന്ന 180 കോടിയും പുതിയ ബസുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ അനുവദിച്ച 50 കോടിയും ചേർത്താവും കമ്പനി തുടങ്ങുക. ലാഭത്തിൽ നിന്ന് കിഫ്ബി വായ്പ തിരിച്ചടയ്‌ക്കും.

വാങ്ങുന്ന ബസുകൾ

 സ്വകാര്യ ബസും റൂട്ടും വാങ്ങും

1 ജില്ലകൾ ബന്ധിപ്പിച്ച് സർവീസുകൾ നടത്തുന്ന സ്വകാര്യ ബസുകളും റൂട്ടും ഉടമകളുടെ സമ്മതത്തോടെ കമ്പനി ഏറ്റെടുക്കും. അവർക്ക് വാടക നൽകും.

2 കുട്ടികളുടെ യാത്രയ്‌ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ ബസുകൾ നൽകും. ഓഫീസ് ജീവനക്കാർക്കും ഈ സേവനം നൽകും.

സ്വിഫ്റ്റ് അഥവാ ശരപ്പക്ഷി

എപോഡിഫോർമീസ് കുടുംബത്തിൽ പെട്ട ചെറു പക്ഷിയാണ് സ്വിഫ്റ്റ്. ശരവേഗത്തിൽ പറക്കുന്നതിനാൽ ശരപ്പക്ഷി എന്ന് വിളിക്കും. വേഗത മണിക്കൂറിൽ 100 കി.മീറ്ററിലധികം. കൊമ്പൻ ശരപ്പക്ഷി, പനങ്കാക്ക, വെള്ളവയറൻ എന്നീ ഇനങ്ങളെ കേരളത്തിൽ കണ്ടുവരുന്നു. ആറു മാസം വരെ നിലത്തിറങ്ങാതെ പറക്കും.