ബാലരാമപുരം: ലൈഫ് പദ്ധതിയിലൂടെ എല്ലാവർക്കും വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയെന്ന് അധികൃതർ ആവർത്തിച്ച് പ്രഖ്യാപിക്കുമ്പോഴും തേമ്പാമുട്ടം ഇടക്കോണം കുളത്തിൻകരവീട്ടിൽ സന്ധ്യയുടെ നൊമ്പരത്തിന് ഇനിയും അവസാനമില്ല. രോഗിയായ അമ്മയേയും മൂത്ത മകനേയും കൊണ്ട് ഏത് നിമിഷവും തകർന്നുവീഴാറായ വീട്ടിലാണ് ഈ വീട്ടമ്മ തന്റെ ദുരിത ജീവിതം തള്ളിനീക്കുന്നത്. 14 വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചുപോയ സന്ധ്യയുടെ മൂത്തമകൻ വിഷ്ണു കിടപ്പുരോഗിയാണ്. കഴിഞ്ഞ മേയിലാണ് വിഷ്ണു വീട്ടിനുള്ളിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയിലായത്. ഉടൻതന്നെ ബാലരാമപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചു. എന്നാൽ ഞരമ്പുകളുടെ പ്രവർത്തനം നിലച്ചതോടെ വിഷ്ണു കിടപ്പുരോഗിയായി മാറി.
മകനെ പരിചരിക്കേണ്ടതിനാൽ സന്ധ്യക്ക് ജോലിക്ക് പോകാനും സാധിക്കാതെയായി. ഇതോടെ കുടുംബത്തിന്റെ ഉപജീവന മാർഗവും നിലച്ചു. കൈയിലുണ്ടായിരുന്ന സ്വർണം വിറ്റും വിഷ്ണുവിന്റെ സഹപാഠികളുടെ സഹായവും മറ്രൊരാളിന്റെ വസ്തു പണയപ്പെടുത്തി വായ്പയെടുത്തുമാണ് സന്ധ്യ മകനെ ചികിത്സിച്ചത്. തിരുവനന്തപുരം ശ്രീചിത്രയിൽ രണ്ടരമാസം നടത്തിയ ചികിത്സയ്ക്കായി എഴ് ലക്ഷം രൂപയോളമാണ് ചെലവായത്. എന്നിട്ടും വിഷ്ണുവിന്റെ രോഗാവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല. ഇപ്പോഴും മാസം തോറുമുള്ള ചികിത്സയ്ക്കായി 25000 രൂപയോളം വേണം. പഠിക്കാൻ മിടുക്കാരാണെങ്കിലും ജ്യേഷ്ഠൻ കിടപ്പിലായതോടെ അനുജന്മാരായ ജിഷ്ണുവിന്റെയും സഞ്ജയുടെയും പഠനവും മുടങ്ങി. ഇവർ കടകളിൽ ജോലിചെയ്ത് ലഭിക്കുന്ന തുച്ഛമായ തുകകൊണ്ടാണ് കുടുംബം നിത്യവൃത്തി കഴിക്കുന്നത്. എന്നാൽ തുടർചികിത്സക്കായുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സന്ധ്യയുടെ മക്കൾ.
അൻപത് വർഷമായി പുറമ്പോക്ക് ഭൂമിയിലാണ് സന്ധ്യയുടെ വീട് സ്ഥിതി ചെയ്യുന്നത്. ഇവരുടേതടക്കം പത്തോളം വീടുകൾക്ക് ഇനിയും പട്ടയം ലഭിച്ചിട്ടില്ല. 2018ലെ മഴയിൽ സന്ധ്യയുടെ വീട് തകർന്നിരുന്നു. ടാർപ്പാളിൻ ഉപയോഗിച്ച് മൂടിയ വീട് ഏത് നിമിഷവും നിലംപൊത്താം. ഇതിന്റെ അറ്റകുറ്റപ്പണികൾക്കായി നിരവധി തവണ അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. സുമനസുകളുടെ കനിവ് മാത്രമാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഇനി ഇവർക്കുള്ള പ്രതീക്ഷ. തുടർചികിത്സയ്ക്കായി വിഷ്ണുവിന്റെ പേരിൽ എസ്.ബി.ഐ ബാലരാമപുരം ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 20182824237. ഐ.എഫ്.എസ്.സി കോഡ്: SBIN0070035. ഫോൺ: 9074632104.