കിളിമാനൂർ: കിളിമാനൂരുകാരുടെ ചലച്ചിത്ര സ്വപ്നങ്ങൾക്ക് നിറപ്പകിട്ടേറിയിരുന്ന തിയേറ്ററുകൾ എല്ലാം മൺമറഞ്ഞപ്പോഴും ഗൃഹാതുരത്വവും പേറി നിലനിന്നിരുന്ന എസ്.എൻ തിയേറ്ററും ഇനി ഓർമ്മയാകുന്നു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളോടും, വൻ കമ്പനികളോടും പിടിച്ച് നിൽക്കാൻ ഗ്രാമത്തിലെ ഈ തിയേറ്റർ അവസാനകാലം വരെയും പോരാടിയിരുന്നു. എന്നാൽ സാമ്പത്തിക നഷ്ടവും, ആധുനികതയുടെ കടന്നുകയറ്റത്തിനുമിടയിൽ പിടിച്ചു നിൽക്കാനാകാതെ പരാജയപ്പെടുകയായിരുന്നു.
ഗ്രാമീണത ഇപ്പോഴും നിലനിൽക്കുന്ന കിളിമാനൂരിനെ സംബന്ധിച്ചിടത്തോളം തിയേറ്ററുകൾ കേവലം സിനിമ കാണുന്നതിന് മാത്രമായുള്ള ഒരിടം മാത്രമായിരുന്നില്ല. കല, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും ഇവയുമായി ബന്ധപ്പെട്ട നാടകം, കഥാപ്രസംഗം, സെമിനാറുകൾ എന്നിവ അവതരിപ്പിക്കുന്നതിന് വേണ്ടിയുള്ള ഒരിടം കൂടിയായിരുന്നു.
ഓല കെട്ടിടങ്ങളിലെ റീലുകളിൽ നിന്നും ശീതികരിച്ച കോൺക്രീറ്റ് കെട്ടിടങ്ങളിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയിലേക്ക് മാറിയപ്പോൾ ഗ്രാമങ്ങളിലെ കൊച്ചു തിയേറ്റർ മുതലാളിമാർക്ക് അവയോടൊപ്പം മത്സരിക്കാൻ കഴിയാതെ വരികയും, വർദ്ധിച്ച വിനോദ നികുതിയും ഒക്കെയായപ്പോൾ ഇവയൊക്കെ പൊളിച്ചു മാറ്റുകയോ, കച്ചവട സ്ഥാപനങ്ങളോ, ഓഡിറ്റോറിയങ്ങളോ ആക്കുകയോ നിവൃത്തിയുള്ളായിരുന്നു.
ലാഭേച്ഛ നോക്കാതെ കലയെ സ്നേഹിക്കുന്ന ആരെങ്കിലും വരും, വീണ്ടും കാഴ്ചയുടെ പുതുവസന്തം തീർക്കും എന്ന പ്രതീക്ഷയിലാണ് ഇവിടുള്ള ജനങ്ങൾ.