ചിറയിൻകീഴ്: ജീവിത സായാഹ്നങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങൾക്ക് ആശ്വാസത്തിന്റെ തിരിനാളവുമായി ജനമൈത്രി പൊലീസിന്റെ ''ബെൽ ഓഫ് ഫെയ്ത്ത് '' പദ്ധതിക്ക് തുടക്കമായി. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഇല്ലാത്തവർക്കും, മക്കളോ ബന്ധുക്കളോ സമീപത്തില്ലാത്തവർക്കും ഈ പദ്ധതി ഏറെ പ്രയോജനകരമാണ്. ഈ പദ്ധതി പ്രകാരം ആധുനിക രീതിയിലുള്ള റിമോട്ട് നൽകും. തലയിണയ്ക്കടിയിൽ തന്നെ വയ്ക്കാൻ പാകത്തിലുള്ളവയാണിത്. റിമോട്ടിൽ ഒരു തവണ അമർത്തിയാൽ അഞ്ഞൂറ് മീറ്റർ ചുറ്റളവിൽ അലാറ ശബ്ദം കേൾക്കും. ഇതിലൂടെ രാത്രിയിൽ സ്ത്രീകൾക്ക് എന്തെങ്കിലും ആപത്തോ ശല്യമോ ഉണ്ടായാൽ അയൽവാസികൾക്ക് അറിയാൻ കഴിയും. അയൽവാസികൾക്ക് പൊലീസിന്റെ ഫോൺ നമ്പരും, ബോധവത്കരണവും ഇതിന്റെ ഭാഗമായി നൽകും. ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് വീടുകളിലാണ് ആദ്യം ഈ സംവിധാനം നടപ്പിലാക്കിയത്.ചിറയിൻകീഴ് പുതുക്കരി സ്വദേശിയായ ഓമനയുടെ വീട്ടിലും, അഴൂർ പെരുങ്ങുഴിയിൽ വൃദ്ധ സഹോദരിമാർ മാത്രം താമസിക്കുന്ന വീട്ടിലുമാണ് റിമോട്ട് നൽകിയത്. ഈ രണ്ടിടത്തും രാത്രികാലങ്ങളിൽ ശല്യങ്ങൾ ഉണ്ടായിരുന്നു. ഇനിയുള്ള നാല് റിമോട്ടുകൾ കൂടി അർഹരായവരെ കണ്ടെത്തി ഉടൻ നൽകും. അടുത്ത ഘട്ടത്തിൽ ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ആവശ്യക്കാർക്ക് ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ സഹായത്തോടെ കൂടുതൽ റിമോട്ട് നൽകുന്നതിനുളള അവസരം ഒരുക്കും. ചിറയിൻകീഴ് സി.ഐ രാഹുൽ രവീന്ദ്രനും ജനമൈത്രി ബീറ്റ് ഓഫീസർ എ.എസ്.ഐ സുരേഷും ചേർന്നാണ് റിമോട്ട് നൽകിയത്. അഴൂർ ഗ്രാമപഞ്ചായത്തംഗം സി. സുര, മുൻ പഞ്ചായത്തംഗം ബീജ സുരേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.