kerala

തിരുവനന്തപുരം: വേളിയിൽ പൂട്ടിക്കിടക്കുന്ന ഇംഗ്ളീഷ് ഇന്ത്യൻ ക്ലേ ഫാക്ടറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് മുൻപ് നടത്തിയ കൊവിഡ് പരിശോധനയിലാണ് മരിച്ച പ്രബുലകുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. പ്രബുലകുമാറിന്റെ മരണത്തെ തുടർന്ന് ശനിയാഴ്ച വലിയ വിവാദങ്ങളും സമരങ്ങളും അരങ്ങേറിയിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയാണ് പ്രബുല കുമാറിന്റെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്തത്. സബ് കളക്ടറുടെ നേതൃത്വത്തിലായിരുന്നു ഇൻക്വസ്റ്റ്. ഈ സാഹചര്യത്തിൽ സബ് കളക്ടറും പൊലീസുദ്യോഗസ്ഥരും ക്വാറന്റൈനിൽ പ്രവേശിച്ചു. മന്ത്രി കടകംപ്പള്ളി സുരേന്ദ്രനടക്കമുള്ള നേതാക്കൾ സ്ഥലം സന്ദ‌ർശിച്ചിരുന്നു. കൂടുതൽ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ ആർ.ടി.പി.സി.ആർ ടെസ്റ്റിന് ശ്രവം നൽകിയിരിക്കുകയാണ്. ഇതിന്റെ പരിശോധനാ ഫലം വന്ന ശേഷമാകും മൃതദേഹം വിട്ടുനൽകുക. അതേസമയം ബന്ധുക്കൾ ആവശ്യപ്പെട്ടാൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്‌കാരം നടത്താൻ മൃതദേഹം വിട്ടുകൊടുക്കാമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ഷർമ്മദ് അറിയിച്ചു. പ്രബുലകുമാറിനെ കമ്പനി അധികൃതർ അപായപ്പെടുത്തിയതാണെന്നാരോപിച്ച് മൃതദേഹം കൊണ്ടു പോകാനുള്ള ശ്രമം തൊഴിലാളി യൂണിയനുകൾ മണിക്കൂറുകളോളം തടഞ്ഞിരുന്നു. കുടുംബവുമായി നടന്ന ചർച്ചക്കൊടുവിലാണ് മൃതദേഹം കൊണ്ട് പോകാൻ തൊഴിലാളികൾ അനുവദിച്ചത്.