വർക്കല: കിണറ്റിൽ വീണ വീട്ടമ്മയേയും രക്ഷിക്കാനിറങ്ങിയ യുവാക്കളെയും അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചെറുന്നിയൂർ ദളവാപുരം ഏറാത്തുവിളവീട്ടിൽ സലിമിന്റെ ഭാര്യ ഷംനയാണ് (35) ശനിയാഴ്ച രാത്രി 8.45ഓടെ 60 അടി താഴ്ചയും 15 അടിയോളം വെളളവുമുളള കിണറ്റിൽ വീണത്. ഈ സമയം അതുവഴി വന്ന സമീപവാസികളായ അനിൽ, സാബു എന്നിവർ ഉടൻതന്നെ കയറുമായി കിണറ്റിലിറങ്ങുകയും പൈപ്പിൽ പിടിച്ചുകിടന്ന ഷംനയെ കയറിൽ കെട്ടി പിടിച്ചു നിറുത്തുകയും ചെയ്തു. എന്നാൽ മൂവർക്കും തിരികെ കയറാൻ പറ്റിയില്ല. അഗ്നിരക്ഷാസേന എത്തിയാണ് മൂവരെയും പുറത്തെത്തിച്ചത്. ഷംനയെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർക്കല അഗ്നിരക്ഷാനിലയം ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ബൈജുവിന്റെ നേതൃത്വത്തിൽ അംജിത്, ബിനീഷ്, അരുൺകുമാർ, ശ്രീകുമാർ, രതീഷ് കുമാർ, അജിത് തുടങ്ങിയവർ ചെർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.