തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് അടച്ച കോളേജുകൾ 294 ദിവസങ്ങൾക്ക് ശേഷം ഇന്ന് തുറക്കും. മുഴുവൻ കോളേജുകളിലെയും സർവകലാശാലകളിലെയും ഗവേഷക, പി.ജി, അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കാണ് ക്ലാസുകൾ പുനരാരംഭിക്കുന്നത്. ഒരു സമയം 50 ശതമാനം വിദ്യാർത്ഥികൾക്കാണ് പ്രവേശനം. ശനിയാഴ്ചയും കോളേജുകൾ പ്രവർത്തിക്കും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ എട്ടര മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവർത്തനസമയം. പരമാവധി അഞ്ച് മണിക്കൂറായിരിക്കും അദ്ധ്യയനം. ഇതിനായുള്ള ക്രമീകരണങ്ങൾ പ്രിൻസിപ്പൽമാർ ഒരുക്കണം. ആവശ്യമെങ്കിൽ രണ്ട് ഷിഫ്റ്റുകളായി ക്ലാസുകൾ നടത്താനും കോളേജുകൾക്ക് സ്വാതന്ത്ര്യമുണ്ട്.
സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലെ എൻജിനിയറിംഗ് ഉൾപ്പെടെയുള്ള കോളേജുകളിൽ ഏഴാം സെമസ്റ്റർ ബി.ടെക്, ഒമ്പതാം സെമസ്റ്റർ ബി.ആർക്, മൂന്നാം സെമസ്റ്റർ എം.ടെക്, എം.ആർക്, എം.പ്ലാൻ, അഞ്ചാം സെമസ്റ്റർ എം.സി.എ, ഒമ്പതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.സി.എ ക്ലാസുകളാണ് തുടങ്ങുന്നത്. കുസാറ്റിൽ അവസാനവർഷ പി.ജി ക്ലാസുകൾ മാത്രമാണ് ഇന്ന് ആരംഭിക്കുക.
ഓൺലൈൻ ക്ലാസ് സാദ്ധ്യമാകാത്ത വിഷയങ്ങൾക്കും പ്രാക്ടിക്കൽ ക്ലാസുകൾക്കും മുൻഗണന നൽകിയായിരിക്കും ക്ലാസുകൾ. ഹോസ്റ്റൽ മെസുകൾ പ്രവർത്തിക്കും. കോഴിക്കോട് ഐ.എെ.എം, പാലക്കാട് ഐ.ഐ.ടി, തിരുവനന്തപുരം ഐസർ, ഐ.ഐ.എസ്.ടി തുടങ്ങിയ റസിഡൻഷ്യൽ രീതിയിലുള്ള കാമ്പസുകളിലും യു.ജി.സി നിർദ്ദേശിച്ച മുൻകരുതലോടെ അദ്ധ്യയനം തുടങ്ങാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ക്ലാസ് തുടങ്ങുന്നതിന്റെ ഭാഗമായി ഇന്ന് മന്ത്രി ജലീൽ കോളേജ് പ്രിൻസിപ്പൽമാരുടെ ഓൺലൈൻ യോഗം വിളിച്ചിട്ടുണ്ട്.