മലയിൻകീഴ്: ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ രാത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾ വലയുന്നു. നിലവിൽ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് രാത്രികാലങ്ങളിൽ ഇവിടെയുള്ളത്. എന്നാൽ മൂന്ന് ഡോക്ടർമാരുടെ സേവനം ഉണ്ടാകുമെന്നാണ് ആശുപത്രി രേഖകളിലുള്ളത്. പലപ്പോഴും ഇവിടെയത്തുന്നവർക്ക് ഒരു നേരത്തെ മരുന്ന് മാത്രം നൽകി തിരിച്ചുവിടുകയാണ് ഡ്യൂട്ടിയിലുള്ള ഡോക്ടർ ചെയ്യുന്നത്. കടുത്ത പനി ബാധിച്ച് എത്തുന്നവരോടുപോലും അടുത്ത ദിവസം ഒ.പിയിൽ എത്താനാണ് നിർദ്ദേശം. പലപ്പോഴും മണിക്കൂറോളം കാത്തിരുന്നാലാണ് ഡോക്ടറെ കാണാൻ സാധിക്കുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ് ആശുപത്രിയിൽ ചികിത്സതേടി എത്തുന്നവരിൽ ഏറെയും. ഇവർക്ക് പണം മുടക്കി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടാനുള്ള സാമ്പത്തിക സ്ഥിതിയില്ല. അപ്പോഴാണ് ഡോക്ടർമാരുടെ സേവനം ലഭിക്കാതെ രാത്രിമുതൽ മണിക്കൂറുകൾ കാത്തിരിക്കേണ്ട ഗതികേട്.
ആശുപത്രിയിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ അന്വേഷിക്കാറില്ലെന്നും രോഗികൾ പറയുന്നു. ഗവൺമെന്റിന്റെ ആർദ്രം പദ്ധതിയുൾപ്പെടെയുള്ള ഫണ്ടുകൾ വിനിയോഗിച്ച് ആശുപത്രിയിലേക്ക് യഥേഷ്ടം മരുന്ന് നൽകുന്നുണ്ട്. എന്നാൽ ഇതൊന്നും രോഗികൾക്ക് ലഭിക്കാറില്ലെന്നും പരാതിയുണ്ട്.
മറ്റ് ജീവനക്കാരും കുറവ്
രാത്രിയിൽ കാലങ്ങളിൽ താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾ മറ്റ് ആശുപത്രിയിലേക്ക് റഫർ ചെയ്യുന്നതും പതിവാണ്. മറ്റ് ജീവനക്കാരുടെ എണ്ണത്തിലും വലിയ കുറവാണ് ഇവിടെയുള്ളത്. ലാബ് ടെക്നീഷ്യൻ, നഴ്സിംഗ് സൂപ്രണ്ട്, നഴ്സ് തുടങ്ങിയ തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്. ഇതുകാരണം പകൽ സമയത്ത് ഒ.പിയിൽ എത്തുന്നവരും വലയുന്നു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും കൂടുതൽ ജീവനക്കാരെ നിയമിച്ച് ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നുമാണ് രോഗികളുടെ ആവശ്യം.