dancanteen

കാട്ടാക്കട: കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയിട്ടും നെയ്യാർഡാമിലെ ക്യാന്റീൻ പ്രവർത്തനം ആരംഭിക്കാത്തത് സഞ്ചാരികളെ വലയ്ക്കുന്നു. വിനോദ സഞ്ചാരികൾക്കായുള്ള ഭക്ഷണശാല, നെയ്യാർഡാം പോസ്റ്റോഫീസ് എന്നിവയ്ക്കായി ടൂറിസം വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടമാണ് ഉദ്ഘാടനം ചെയ്തശേഷം അടച്ചിട്ടിരിക്കുന്നത്. പ്രവർത്തനമില്ലാത്തതിനാൽ കെട്ടിടത്തിന് ചുറ്റും കാടുകയറി. നെയ്യാർഡാമിന്റെ മുൻ വശത്തെ ഗേറ്റിന് സമീപത്താണ് ഇരുനില മന്ദിരം നിർമ്മിച്ചിരിക്കുന്നത്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ സെപ്തംബർ 11ന് മന്ത്രി കെ. കൃഷ്ണൻകുട്ടി മന്ദിരം ഉദ്ഘാടനം ചെയ്തു. എന്നാൽ നടപടികൾ അവിടെ അവസാനിച്ചു. കൊവിഡ് പ്രതിസന്ധികൾക്കിടയിലും സഞ്ചാരികൾക്ക് നെയ്യാർ ഡാമിലേക്ക് ഇപ്പോൾ പ്രവേശനം അനുവദിക്കുന്നുണ്ട്. ഇവരാണ് ഭക്ഷണശാല പ്രവർത്തനമാരംഭിക്കാത്തതിനാൽ ദുരിതത്തിലായത്.

പുതിയ കെട്ടിടത്തിലെ ഇലക്ട്രിക്ക് ജോലികൾ നടക്കാത്തതാണ് പ്രവർത്തനം ആരംഭിക്കാൻ തടസമെന്നാണ് ഇറിഗേഷൻ വകുപ്പ് അധികൃതർ പറയുന്നത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇത് സമയബന്ധിതമായി പൂർത്തിയാക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാണ്.

അവസ്ഥ ഇങ്ങനെ

നെയ്യാർഡാം പോസ്റ്റോഫീസിന് ഒന്നാം നിലയും ഗ്രൗണ്ട് ഫ്ലോറിൽ ലഘുഭക്ഷണശാലയ്ക്കുമായാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.
നിലവിൽ നെയ്യാർഡാമിൽ എത്തുന്ന സഞ്ചാരികൾക്ക് ഭക്ഷണം കഴിക്കണമെങ്കിൽ പുറത്തുപോകണം. നേരത്തെ ഡാം പരിസരത്ത് ക്യാന്റീൻ ഉണ്ടായിരുന്നെങ്കിലും ഇതിന്റെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി. കൂടാതെ ഇറിഗേഷൻ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നെയ്യാർഡാം പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനവും പരിതാപകരമാണ്. ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലുള്ള കെട്ടിടത്തിൽ ജീവൻ പണയംവച്ചാണ് ജീവനക്കാർ ജോലിചെയ്യുന്നത്.

"കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതിന് മുൻപ് ഉദ്ഘാടനം നടത്തിപ്പോകാനാണ് പഞ്ചായത്ത് ഭരണസമിതിയും മറ്റ് അധികൃതരും ശ്രമിച്ചത്. നെയ്യാർഡാമിലെത്തുന്ന സഞ്ചാരികൾക്ക് ലഘു ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. ഏറെ കൊട്ടിഘോഷിച്ചാണ് പുതിയ ക്യാന്റീൻ കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഇപ്പോൾ പഴയതുമില്ല പുതിയതുമില്ലാത്ത അവസ്ഥയാണ്."

ശശീന്ദ്രൻ,നെയ്യാർഡാം മുൻ ഗ്രാമ പഞ്ചായത്തംഗം