d

തിരുവനന്തപുരം: ' പ്രബുലന്റേത് തുടക്കം മാത്രമാണ്... 700 ഓളം കുടുംബങ്ങളാണ് ആത്മഹത്യയുടെ വക്കിൽ കഴിയുന്നത്. പ്രായം 50 കഴിഞ്ഞു. ഇനി വേറെ എവിടെ പോയാൽ ഒരു തൊഴിൽ കിട്ടും. സ്വന്തമായി വീടില്ല, അഷ്ടിക്ക് വക തേടി പലരുടെയും കാലിൽ വീഴേണ്ട അവസ്ഥയാണ് '. 56 വർഷമായി പ്രവർത്തിക്കുന്ന ക്ലേ ഫാക്ടറിയിലെ സ്ഥിരം ജീവനക്കാരനായിരുന്ന സുരേഷ് കുമാറിന്റെ വാക്കുകളാണിത്. ' മരിച്ച പ്രബുലകുമാറിന്റെ സുഹൃത്തും അയൽവാസിയുമാണ് ഡ്രൈവറായ സുരേഷ്. അഞ്ചുമാസം മുമ്പ് ബോണസടക്കം വാങ്ങാൻ പോയ ദിവസമാണ് മുന്നറിയിപ്പൊന്നുമില്ലാതെ നോട്ടീസ് നൽകിയത്. കമ്പനി പൂട്ടാൻ പോകുന്നുവെന്നാണ് പറഞ്ഞത്. ഉപജീവന മാർഗമായിരുന്ന തൊഴിൽ പൊടുന്നനെ ഇല്ലാതാകുമ്പോഴുള്ള ശൂന്യത പറഞ്ഞറിയിക്കാൻ കഴിയില്ല. തന്റെ മാത്രമല്ല,​ കമ്പനിയെ വിശ്വസിച്ച് ഹൗസിംഗ് ലോൺ അടക്കം എടുത്തവർ തെരുവിൽ കഴിയേണ്ട സ്ഥിതിയിലാണ്. ബാങ്കുകാരോട് കമ്പനിയിൽ നിന്ന് ഇനി പണമൊന്നും ലഭിക്കില്ലെന്നും ജീവനക്കാരുടെ കൈയിൽ നിന്ന് വാങ്ങണമെന്നും അധികൃതർ അറിയിച്ചുകഴിഞ്ഞു. കൊവി‌ഡ് കാലത്താണ് തങ്ങളെ പട്ടിണിക്കിട്ട് ഇവർ വഞ്ചിച്ചത്. പ്രബുലന്റെ മരണത്തിലും ‌ഞങ്ങൾക്ക് സംശയമുണ്ട്. എല്ലാം പുറത്തുവരണം. കമ്പനി നടത്തിപ്പ് സ്വകാര്യ വ്യക്തികൾക്ക് തീറെഴുതാനും ശ്രമമുണ്ട്. 12ന് നടക്കുന്ന ചർച്ചയിൽ ഞങ്ങൾക്ക് വിശ്വാസമില്ല. ഇതെല്ലാം രണ്ടുനാൾ കഴിയുമ്പോൾ അവർ മറക്കും. ഫാക്ടറി സർക്കാരിന് എറ്റെടുത്ത് തൊഴിലാളികളെ സംരക്ഷിക്കാം. സർക്കാർ ഭൂമിയിലാണിത് സ്ഥിതി ചെയ്യുന്നത്. സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ലെങ്കിൽ ഇനിയും ഇവിടെ ജീവത്യാഗമുണ്ടാകുമെന്നും' തന്റെ വാടക വീട്ടിലിരുന്ന് സുരേഷ് ഒാർമിപ്പിച്ചു.

എന്നിട്ടും തുറക്കുന്നില്ല...

നിലവിലുള്ള സ്റ്റോക്കുകൾ വിറ്റുതീരുന്നതുവരെ ഉത്പാദനം തുടർന്നാലും കമ്പനിക്ക് നഷ്ടമുണ്ടാകില്ലെന്നും ഖനനത്തിന് അനുമതി നൽകിയതായും സർക്കാർ പ്രതിനിധികൾ പറഞ്ഞു. എന്നിട്ടും കമ്പനി അടച്ചിട്ടിരിക്കുന്നതിൽ മറ്റ് പല ലക്ഷ്യങ്ങളുമുണ്ടെന്നാണ് തൊഴിലാളികളുടെ ആരോപണം. പകുതി ശമ്പളമെങ്കിലും നൽകുന്ന ലേ ഓഫ് നിയമപ്രകാരമുള്ള നടപടിയും നടപ്പിലാക്കാതെ കടുംപിടിത്തമാണ് ഥാപ്പർ ഗ്രൂപ്പ് തുടരുന്നതെന്നും സർക്കാരും തൊഴിലാളികളും പറയുന്നു. മന്ത്രി അടക്കമുള്ളവർ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ടെങ്കിലും കമ്പനി മാനേജ്മെന്റിന് തണുപ്പൻ മട്ടാണ്. തോന്നയ്‌ക്കലിനൊപ്പം പ്രവർത്തനം അവസാനിപ്പിച്ച വേളി ഫാക്ടറിയിലെ പ്രവർത്തനം പുനരാരംഭിക്കാൻ കാര്യക്ഷമമായി ഇടപെടൽ നടക്കാത്തതിന്റെ രക്തസാക്ഷിയാണ് 52 കാരനായ പ്രബുലകുമാർ. അതേസമയം തോന്നയ്‌ക്കലിലെ ഫാക്ടറി പ്രവർത്തനമാരംഭിച്ച് രണ്ടുമാസം കഴിഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒമ്പതിനാണ് രണ്ടിന്റെയും പ്രവർത്തനം അവസാനിപ്പിച്ചത്. തങ്ങൾ വിശ്വസിക്കുന്ന പ്രസ്ഥാനമോ സർക്കാരോ ആരെങ്കിലും തങ്ങളെ കൈപിടിച്ചുയർത്താനെത്തുമെന്നാണ് മാസങ്ങളായി സമരപ്പന്തലിൽ കഴിച്ചുകൂട്ടുന്നവരുടെ പ്രതീക്ഷ.