തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ചനേട്ടത്തിന് പിന്നാലെ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് സി.പി.എം .തിരഞ്ഞെടുപ്പിനുള്ള നിയോജകമണ്ഡലം, ലോക്കൽ, ബൂത്ത് കമ്മിറ്റികളുടെ രൂപീകരണം 31നകം പൂർത്തീകരിച്ച് ഫെബ്രുവരി ആദ്യത്തോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പിലെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തിയും പോരായ്മകൾ തിരുത്തിയുമാവുംതയാറെടുപ്പുകൾ പൂർത്തീകരിക്കുക. തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ ജനപ്രതിനിധികളും പാർട്ടി നേതാക്കളും പ്രവർത്തകരുമുൾപ്പെടെ 24 മുതൽ 31വരെ സംസ്ഥാനത്ത് ഗൃഹസന്ദർശനത്തിലേർപ്പെടും. സർക്കാർ നടപ്പാക്കുന്ന വികസനവും സാമൂഹ്യ സുരക്ഷയും മതനിരപേക്ഷതയും ജനങ്ങളെ നേരിട്ട് ബോദ്ധ്യപ്പെടുത്തുകയാണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളിലെ പാർട്ടി ജനപ്രതിനിധികളുടെ യോഗങ്ങൾ വിളിച്ച് കേരളത്തിന്റെ സമഗ്ര വികസന പദ്ധതി നടത്തിപ്പിനുള്ള നിർദ്ദേശം നൽകും.പാർട്ടി ജില്ലാ കമ്മിറ്റി യോഗങ്ങൾ അടുത്ത ദിവസങ്ങളിൽ വിളിച്ചുചേർക്കും. 16, 17, 19 തിയതികളിൽ സംസ്ഥാനകമ്മിറ്റി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ഏരിയാ കമ്മിറ്റി യോഗങ്ങളും ചേരും.കാഞ്ഞങ്ങാട്ടെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഔഫിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ അക്രമരാഷ്ട്രീയത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു.
കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ കർഷകസംഘടനകൾ രാജ്ഭവന് മുന്നിലും, പഞ്ചായത്ത്തലങ്ങളിലും നടത്തുന്ന സമരങ്ങളെയും പിന്തുണയ്ക്കും.തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സ്വാധീനകേന്ദ്രങ്ങളിൽ പോരായ്മയുണ്ടായെങ്കിൽ പരിശോധിക്കും.
ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ വലിയ മുന്നേറ്റമാണ് എൽ.ഡി.എഫിനുണ്ടായത്. അവിടത്തെ പ്രശ്നം ഒറ്റപ്പെട്ടതാണ്. എൽ.ഡി.എഫ് ഘടകകക്ഷികളായ ജെ.ഡി.എസിലും എൻ.സി.പിയിലും പ്രശ്നങ്ങളാണല്ലോയെന്ന ചോദ്യത്തിന്, അത്തരം വിഷയങ്ങളൊന്നും മുന്നണിക്ക് മുന്നിലില്ലെന്നും നല്ല ഐക്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്നുമായിരുന്നു മറുപടി. പാലാ സീറ്റിനെച്ചൊല്ലി മാണി സി. കാപ്പൻ ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ചുള്ള ചോദ്യം അകാലികമാണ്. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ ,അവരെങ്ങനെ തീരുമാനിക്കണമെന്ന് നമുക്ക് പറയാനാവില്ലെന്നായിരുന്നു മറുപടി.
യു.ഡി.എഫ് തിരിച്ചടിക്ക് കാരണം
കോൺഗ്രസ് ലീഗിന് കീഴ്പ്പെട്ടത്
തിരുവനന്തപുരം: സ്വന്തം നിലപാടിനെക്കാൾ മുസ്ലീം ലീഗിന്റെ വർഗ്ഗീയ ധ്രുവീകരണത്തിന് കോൺഗ്രസ് കീഴ്പ്പെട്ടതാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടാക്കിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. രണ്ട് ദിവസത്തെ സി.പി.എം സംസ്ഥാന കമ്മിറ്റി യോഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ അതിരുകളും ലംഘിച്ചുള്ള വർഗ്ഗീയവത്കരണത്തിനാണ് ഈ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ശ്രമിച്ചത്. ഒരു ഭാഗത്ത് ബി.ജെ.പിയുമായുള്ള വോട്ട് കച്ചവടവും, വേറൊരു ഭാഗത്ത് ലീഗും വെൽഫെയർ പാർട്ടിയുമുണ്ടാക്കിയ സഖ്യത്തെ കോൺഗ്രസ് അംഗീകരിക്കുന്നതുമാണ് കണ്ടത്. 1930കളിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി ഒന്നാകെ ഇടതുചേരിയിലേക്ക് വന്നതുപോലെ, കേരളത്തിൽ കോൺഗ്രസിന്റെ പിന്നിൽ അണിനിരന്ന സാധാരണക്കാരാറെയും ഇടതുപക്ഷത്തേക്ക് അണിനിരക്കുമെന്നാണ് പ്രതീക്ഷയെന്നും വിജയരാഘവൻ പറഞ്ഞു.
നിർണായക യോഗങ്ങൾ ഇന്ന്
കോൺഗ്രസിൽ മുന്നൊരുക്കം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ, നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച നിർണായക ചർച്ചകളിലേക്ക് കെ.പി.സി.സി നേതൃത്വം ഇന്ന് കടക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ സാന്നിദ്ധ്യത്തിലാണ് ചർച്ച.
ബൂത്ത് തല കമ്മിറ്റികൾ മുതൽ ഊർജ്ജിതമാക്കുകയാണ് ആദ്യപടി. നേരത്തേ തുടങ്ങി വച്ച 'എന്റെ ബൂത്ത്, എന്റെ അഭിമാനം' പരിപാടി പുനരാരംഭിക്കും. കെ.പി.സി.സി വൈസ് പ്രസിഡന്റുമാരുടെയും ജനറൽസെക്രട്ടറിമാരുടെയും യോഗം രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് ചേരും. ഉച്ചകഴിഞ്ഞ് 140 നിയോജകമണ്ഡലങ്ങളുടെയും ചുമതലയുള്ള കെ.പി.സി.സി സെക്രട്ടറിമാരുടെ യോഗം ചേരും.
ഓരോ മണ്ഡലത്തിലും പാർട്ടി നേരിടുന്ന ദൗർബല്യങ്ങളും മികവുകളും, സാമുദായിക സ്വാധീനം, പ്രവർത്തന മികവ് എന്നിവയെല്ലാം വിലയിരുത്തിയുള്ള സമഗ്രമായ റിപ്പോർട്ട് കൈമാറാൻ കെ.പി.സി.സി സെക്രട്ടറിമാരോട് നിർദ്ദേശിച്ചിരുന്നു. പ്രാഥമിക റിപ്പോർട്ടുകൾ ഇതിനകം കൈമാറിയ സെക്രട്ടറിമാർ, ഇന്ന് സമഗ്രമായ റിപ്പോർട്ടുകൾ അവതരിപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാവും തുടർ ചർച്ചകൾ.
നിയമസഭാ തിരഞ്ഞെടുപ്പിൽ കഴിവ് മാനദണ്ഡമാക്കി പുതുമുഖങ്ങളെയും യുവാക്കളെയും പരമാവധി പരീക്ഷിക്കണമെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിർദ്ദേശത്തിന് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കവേ, രമേശ് ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കുമൊപ്പം ഉമ്മൻ ചാണ്ടിയും നേതൃത്വത്തിൽ കൂടുതൽ സജീവമാകണമെന്ന് ഹൈക്കമാൻഡ് നിർദ്ദേശിച്ചു. കെ.പി.സി.സി പ്രചാരണസമിതി അദ്ധ്യക്ഷ പദവിയിൽ അദ്ദേഹം വരണമെന്നാണ് ഇംഗിതം. ഹൈക്കമാൻഡ് ചുമതലപ്പെടുത്തിയതനുസരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ ഉമ്മൻ ചാണ്ടിയുടെ വസതിയിലെത്തി ഇക്കാര്യം ചർച്ച ചെയ്തു. ഏതെങ്കിലും പദവിയിലില്ലാതെ തന്നെ പ്രവർത്തനരംഗത്ത് താൻ സജീവമാണല്ലോയെന്ന നിലപാടായിരുന്നു ഉമ്മൻ ചാണ്ടിയുടേത് എന്നറിയുന്നു. ഉമ്മൻ ചാണ്ടിയുടെ സാന്നിദ്ധ്യം നേതൃതലത്തിൽ കൂടുതൽ അനുഭവവേദ്യമാകുന്ന ഇടപെടലുണ്ടാവും.
ഹരിപ്പാട്ടു തന്നെ മത്സരിക്കും:
ചെന്നിത്തല
ഹരിപ്പാട്: ഹരിപ്പാട്ട് തന്നെ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുമന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
'ഹരിപ്പാട് അമ്മയെ പോലെയാണ്.1982ൽ ആദ്യമായി ഹരിപ്പാട്ടു മത്സരത്തിനു വന്ന അന്നു മുതലുള്ള ബന്ധമാണ്. എന്നെ നാല് തവണ എം.എൽ.എ, ആയി തിരഞ്ഞെടുത്തു. നാടിന്റെ വികസനത്തിനും പുരോഗതിക്കും പരമാവധി ചെയ്യാവുന്നതെല്ലാം ചെയ്യുക എന്നത് എന്റെ നിയോഗമാണ്. ഞാൻ ഹരിപ്പാട് വിട്ട് പോവുകയില്ല. ഏതോ ചില കുബുദ്ധികൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ബോധപൂർവ്വം തയ്യാറാക്കി പ്രചരിപ്പിക്കുന്ന നുണക്കഥയാണ് മണ്ഡലം മാറ്റ ചർച്ച'- ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.