kk-shailaja

തിരുവനന്തപുരം: ഗൾഫിലെ ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ ഈ വർഷത്തെ വാർത്താ താരമായി മന്ത്രി കെ.കെ. ശൈലജയെ തിരഞ്ഞെടുത്തു. നിപ്പയ്ക്ക് പിന്നാലെ കൊവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ സാമൂഹ്യ പ്രതിബദ്ധതയും ജാഗ്രതയും കൈവിടാതെ സമൂഹത്തിൽ ഇടപെട്ടുള്ള പ്രവർത്തനങ്ങൾക്കാണ് അംഗീകാരം. കഴിഞ്ഞ 28 വർഷത്തിലേറെ കാലമായി യു.എ.ഇയിൽ പ്രവർത്തിക്കുന്ന റേഡിയോ ഏഷ്യ ദീർഘ കാലത്തെ എ.എം പ്രക്ഷേപണത്തിന് ശേഷമാണ് ഇപ്പോൾ 94.7 എഫ്.എമ്മിലൂടെ പ്രക്ഷേപണം നടത്തുന്നത്. യു.എ.ഇയിലെയും നാട്ടിലെയും മലയാളികളുടെ പ്രശ്‌നങ്ങളിൽ നിരന്തരം ഇടപെടുകയും അവർക്ക് വേണ്ട സഹായ സഹകരണങ്ങൾ നൽകുകയും ചെയ്യുന്ന ജനകീയ റേഡിയോ പ്രസ്ഥാനമാണ് റേഡിയോ ഏഷ്യ. മുഖ്യമന്ത്രി പിണറായി വിജയൻ, അഷ്‌റഫ് താമരശേരി, പ്രളയരക്ഷകർ മത്സ്യത്തൊഴിലാളികൾ, പ്രളയസമയത്ത് സ്വന്തം കടയിലെ വസ്ത്രം മുഴുവൻ പാവപ്പെട്ടവർക്ക് നൽകിയ നൗഷാദ്, തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മാൻഹോളിൽ വീണ് മരണത്തിന് കീഴടങ്ങിയ നൗഷാദ്, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ തുടങ്ങിയവരായിരുന്നു പോയവർഷങ്ങളിൽ വാർത്താതാരമായി തിരഞ്ഞടുക്കപ്പെട്ടവർ.