kurish

മാള: പുറമ്പോക്കിലെ കുരിശ് അധികൃതരുടെ തർക്കത്തിന്റെ കുടക്കീഴിൽ സുരക്ഷിതമായി നടുറോഡിൽ തന്നെ. റോഡ് വികസനത്തിനായി കുരിശ് നീക്കുന്നതിന് അമ്പഴക്കാട് പള്ളിയും അരമനയും വരെ തീരുമാനിച്ചിട്ടും ദേശീയപാതക്കാരും പൊതുമരാമത്തുകാരും തമ്മിലുള്ള തർക്കം തീർക്കാൻ കഴിഞ്ഞിട്ടില്ല. ഇനി ഇവരുടെ തർക്കം തീർക്കാൻ പള്ളിയും നാട്ടുകാരും ഇടപെടേണ്ട അവസ്ഥയിലാണ്. ചരിത്ര പ്രസിദ്ധമായ അമ്പഴക്കാട് ഫൊറോന പള്ളിയുടെ മുൻവശത്ത് അഷ്ടമിച്ചിറ-അന്നമനട റോഡിന്റെ നടുവിലാണ് കുരിശുള്ളത്. ചരിത്രത്തിന്റെ ഭാഗമായ ആ കുരിശിന്റെ ഇരുവശത്തു കൂടിയാണ് റോഡ് കടന്നുപോകുന്നത്. കേന്ദ്ര പദ്ധതിയിൽ ദേശീയപാത അധികൃതരുടെ ചുമതലയിലാണ് പത്ത് കോടി രൂപ ചെലവഴിച്ച് ബി.എം.ബി.സി.നിലവാരത്തിൽ റോഡ് പുനർനിർമ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പിൽ നിന്ന് ഏറ്റെടുത്തപ്പോൾ തടസമായിട്ടുണ്ടായിരുന്ന കുരിശിന്റെ കാര്യത്തിലാണ് ഇരു വിഭാഗവും കുരിശ് പിടിച്ചിരിക്കുന്നത്. കുരിശ് നീക്കം ചെയ്തുതരാൻ പൊതുമരാമത്ത് വകുപ്പിന് ബാദ്ധ്യതയുണ്ടെന്ന നിലപാടാണ് ദേശീയപാത അധികൃതർ സ്വീകരിച്ചിട്ടുള്ളത്. എന്നാൽ റോഡ് ദേശീയപാത അധികൃതർക്ക് വിട്ടുനല്കിയതോടെ തങ്ങളുടെ ബാദ്ധ്യത ഇല്ലാതായെന്ന് പൊതുമരാമത്ത് വകുപ്പ് വാദിക്കുന്നു. കഴിഞ്ഞ വർഷം മാർച്ചിലാണ്‌ റോഡ് വികസനത്തിന് തടസമായി നിന്നിരുന്ന കുരിശ് നീക്കം ചെയ്യുന്നതിന് പള്ളിയും അരമനയും തീരുമാനിച്ചത്. പൊതുവികസനത്തിന് വിശ്വാസം തടസമാകരുതെന്ന നിലപാടാണ് അന്ന് വിശ്വാസികൾ സ്വീകരിച്ചത്. എന്നാൽ തീരുമാനം കഴിഞ്ഞ് പത്ത് മാസമായിട്ടും ബന്ധപ്പെട്ട അധികൃതർക്ക് കുരിശിൽ തൊടാൻ പോലും കഴിഞ്ഞിട്ടില്ല. ഇരു വകുപ്പുകളും തമ്മിലുള്ള അധികാര തർക്കം പരിഹരിച്ച് റോഡ് വികസനത്തിനായി കുരിശ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പട്ട് വൈന്തല സ്വദേശി ടി.ആർ.വിശ്വംഭരൻ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. കൂടാതെ ജനപ്രതിനിധികളും നാട്ടുകാരും ഈ ആവശ്യം ഉന്നയിച്ച് സമര പരിപാടികളും ആലോചിക്കുന്നുണ്ട്.