temple

മട്ടന്നൂർ: തില്ലങ്കേരി ശിവക്ഷേത്രത്തിൽ കവർച്ച. ക്ഷേത്ര ശ്രീകോവിലിലെ ശിവ വിഗ്രഹത്തിൽ ചാർത്തിയ വെള്ളി ആഭരണങ്ങൾ, ക്ഷേത്ര ഭണ്ഡാരം എന്നിവ പൂർണ്ണമായും കൊള്ളയടിച്ചു. ക്ഷേത്ര ഓഫീസിലെ മേശയും ഷെൽഫും കുത്തി തുറന്നു.

ഇന്നലെ പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ ക്ഷേത്ര കമ്മിറ്റി അംഗമാണ് മോഷണവിവരം അറിഞ്ഞത്. അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി സംശയിക്കുന്നു. ഉടനെ മുഴക്കുന്ന് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് സബ് ഇൻസ്പെക്ടർ ലതീഷും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് കണ്ണൂരിൽ നിന്നെത്തിയ ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. ക്ഷേത്ര ശ്രീകോവിലിനു സമീപത്തുനിന്ന് മണം പിടിച്ച പൊലിസ് നായ ഊടുവഴിയിലൂടെ സമീപത്തെ കാവിനു സമീപം വരെ ഓടി മണം പിടിച്ചു.

കഴിഞ്ഞ മാസം പടിക്കച്ചാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലും പുന്നാട് കുഴമ്പിൽ ഭഗവതി ക്ഷേത്രത്തിലും സമാന രീതിയിൽ കവർച്ച നടന്നിരിന്നു. പുതുവത്സര ദിനത്തിൽ കാരക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരവും കവർച്ച ചെയ്യപ്പെട്ടിരുന്നു. തുടർച്ചയായ കവർച്ചകൾ നാട്ടുകാരുടെ ഇടയിൽ ഭീതിയുളവാക്കിയിട്ടുണ്ട്.