dd

പൂവാർ: കരുംകുളം കൊച്ചുതുറ പള്ളി വികാരിയേയും ഇടവക ഭാരവാഹികളെയും ആക്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. പുതിയതുറ സ്വദേശികളായ 12 പേർക്കെതിരെയാണ് കേസെടുത്തത്. കൂടാതെ വിഴിഞ്ഞം-പൂവാർ റോഡിൽ ഗതാഗതം തടസപ്പെടുത്തിയതിന് കണ്ടാലറിയാവുന്ന 25 പേർക്കെതിരെയും കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു. കൊച്ചുതുറ സെന്റ് ആന്റണീസ് ദേവാലയ വികാരി ഫാ. പ്രബിൻ, ചർച്ച് കോ ഓർഡിനേറ്റർ സന്ധ്യാ സോളമൻ, ബിജോയ്, വെബിൻ എന്നിവരെ മർദ്ദിച്ച സംഭവത്തിൽ കരുംകുളം, പുതിയതുറ സ്വദേശികളായ സതീഷ്, ബെനഡിക്ട്, ജോഷി, സ്റ്ററ്റയിൽ, ഷാജി, വിൻസെന്റ്, റിജോയി എന്നിവർക്കും കണ്ടാലറിയാവുന്ന 5 പേർക്കും എതിരെയുമാണ് കേസ്.

വികാരിയെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചെത്തിയ നാട്ടുകാർ വിഴിഞ്ഞം പൂവാർ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തിയിരുന്നു. ശനിയാഴ്ച വൈകിട്ടാണ് കരുംകുളം കൊച്ചുതുറയിൽ സംഘർഷമുണ്ടായത്. കൊച്ചുതുറയിലെ പ്രധാന റോഡിലെ വെള്ളം ഫുട്ബാൾ ഗ്രൗണ്ടിൽ നിറയുന്നതിനെ തുടർന്ന് പ്രധാന റോഡിലെ വഴി കെട്ടിയടച്ചിരുന്നു. ഇതിനിടം പ്രധാന റോഡിൽ നിറഞ്ഞ മഴവെള്ളം ഇടവക വികാരിയുടെ നേതൃത്വത്തിൽ കെട്ടിയടച്ച ഭാഗം പൊളിച്ചുമാറ്റി കടലിലേക്ക് ഒഴുക്കാൻ ശ്രമിച്ചു. ഇതിനെ സമീപത്തെ ക്ലബുകാർ തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്.