തിരുവനന്തപുരം: പത്ത്, പ്ലസ് ടു ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ഊന്നൽ നൽകുന്ന പാഠഭാഗങ്ങളുടെ റിവിഷൻ ആയിരിക്കും സ്‌കൂളിൽ നൽകുകയെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. ജനുവരി ഒന്നിന് തുറന്ന സ്‌കൂളുകളിൽ പാഠഭാഗം പഠിപ്പിച്ചുതീർക്കാനായിരിക്കില്ല സമയം വിനിയോഗിക്കുകയെന്നും മന്ത്രി വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. പരീക്ഷയ്ക്ക് പാഠഭാഗങ്ങൾ പഠിപ്പിച്ചുതീരില്ലെന്ന വിമർശനത്തിനിടെയാണ് മന്ത്രി ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. ഓൺലൈൻ/ ഡിജിറ്റൽ രീതിയിൽ പാഠഭാഗങ്ങൾ പൂർണമായി തീർക്കാനാകും.
പാഠഭാഗങ്ങളിൽ സംശയ നിവാരണത്തിന് കുട്ടിക്ക് സ്‌കൂളിൽ അവസരമുണ്ടാകും. പരീക്ഷയിൽ കുട്ടികളെ പരീക്ഷിക്കില്ല. കുട്ടികളെ മനസിലാക്കാനുള്ള ഉപാധി മാത്രമായിരിക്കും ഇത്. പരീക്ഷയിൽ ഇരട്ടി ചോദ്യങ്ങളുണ്ടാകും. ചോദ്യങ്ങൾ വായിച്ചുമനസിലാക്കാനുള്ള സമാശ്വാസ സമയം വർദ്ധിപ്പിച്ചിട്ടുണ്ട്. മാതൃകാ പരീക്ഷയിലൂടെ ഈ മാറ്റങ്ങൾ മനസിലാകും. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് ഊന്നൽ നൽകുന്ന മേഖല നിശ്ചയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.