തിരുവനന്തപുരം:ഇത്തവണത്തെ ഫിലിം ഫെസ്റ്റിവൽ, സ്ഥിരം വേദിയായ തിരുവനന്തപുരത്തിനു പുറമെ മൂന്നിടങ്ങളിൽ കൂടി നടത്താനുള്ള സർക്കാർ തീരുമാനത്തിൽ വിവാദം അവസാനിക്കുന്നില്ല.
കൊവിഡ് കാരണം ഐ. എഫ്. എഫ്. കെ പതിവ് പോലെ നടത്താനാവില്ലെന്ന് ഇന്നലെ മന്ത്രി എ.കെ ബാലൻ അറിയിച്ചു. 5000 പേർക്കാണ് ഇത്തവണ രജിസ്‌ട്രേഷൻ. വലിയ മേളയാകുമ്പോൾ അതിന് തക്ക ആശങ്ക സർക്കാരിന് ഉണ്ട്. സ്ഥിരം വേദി തിരുവനന്തപുരം തന്നെയാണ്. അതിൽ ആർക്കും സംശയം വേണ്ട. കൊവിഡ് കണ്ടില്ലെന്ന് നടിക്കാനാകില്ല. അതുകൊണ്ടാണ് പല വേദികൾ തീരുമാനിച്ചതെന്നും എ. കെ ബാലൻ പറഞ്ഞു.
അതേസമയം, സ്ഥിരം വേദിയായ തിരുവനന്തപുരത്തു നിന്നു മാറ്റി മേള പല വേദികളിലാക്കിയാൽ അന്താരാഷ്ട്ര ചലച്ചിത്ര മേളകളുടെ ഭൂപടത്തിൽ നിന്ന് പുറത്താവുമെന്ന് ഡോ. ബിജു ഉൾപ്പെടെയുളള സംവിധായകർ ആശങ്ക പ്രകടിപ്പിച്ചു. ബെൽജിയത്തിലെ ബ്രസൽസിലെ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (ഫിയാഫ് ) ആണ് അന്താരാഷ്ട്ര ചലച്ചിത്ര മേളകളെ നിയന്ത്രിക്കുന്ന അക്രഡിറ്റേഷൻ ഏജൻസി.
സ്ഥിരം വേദിയിൽ മികച്ച രീതിയിൽ സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളകൾക്കാണ് അംഗീകാരം നൽകുന്നത്. ഫിയാഫ് കോംപറ്റിറ്റീവ് സ്‌പെഷ്യലൈസ്ഡ് ഫിലിം ഫെസ്റ്റിവൽ എന്ന ഉപവിഭാഗത്തിൽ ഉൾപ്പെടുത്തി അംഗീകരിച്ചിട്ടുള്ള 24 അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലൊന്നാണ് തിരുവനന്തപുരത്തെ ഐ.എഫ്.എഫ്.കെ. കൊൽക്കത്ത, മുംബയ് ചലച്ചിത്ര മേളകളാണ് ഈ വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള മറ്റു രണ്ടെണ്ണം.
കോംപറ്റിറ്റീവ് ഫിലിം ഫെസ്റ്റിവൽ എന്ന മുഖ്യ വിഭാഗത്തിൽ ഫിയാഫ് അംഗീകരിച്ചിട്ടുള്ള 15 പ്രമുഖ ചലച്ചിത്ര മേളകളിൽ ഗോവയിലെ ഇന്ത്യൻ ചലച്ചിത്ര മേളയും ഉൾപ്പെടുന്നു. അന്താരാഷ്ട്ര ചലച്ചിത്ര ഭൂപടത്തിൽ ഇടം നൽകുന്നതാണ് ഫിയാഫ് അംഗീകാരം. ഫിയാഫിനെ അറിയിച്ചിട്ടാണ് ഇത്തവണ മേള നാലിടത്ത് നടത്തുന്നതെന്നാണ് ചലച്ചിത്ര അക്കാഡമിയുടെ വിശദീകരണം