pampset

മുടപുരം: അഴൂർ ഗ്രാമ പഞ്ചായത്തിലെ അഞ്ച് വാർഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിയുന്ന ഗാന്ധിസ്മാരകത്ത് പ്രവർത്തിച്ചിരുന്ന പെരുങ്ങുഴി ശുദ്ധജല പദ്ധതി പുനരാരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

1982ൽ ആരംഭിച്ച കുടിവെള്ള പദ്ധതി വർഷങ്ങളായി നിറുത്തിവച്ചിരിക്കുകയാണ്. 1995 ൽ ജപ്പാൻ കുടിവെള്ള പദ്ധതി ഇവിടെ ആരംഭിച്ചപ്പോഴാണ് ഈ കുടിവെള്ള പദ്ധതി ഉപേക്ഷിക്കപ്പെട്ടത്. എന്നാൽ ജപ്പാൻ കുടിവെള്ള പദ്ധതിയിൽ നിന്നും എല്ലാ ദിവസവും കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിലോ ചിലപ്പോൾ ഒരാഴ്ചയിലൊരിക്കലോ വെള്ളം കിട്ടുന്ന അവസ്ഥയാണ് മിക്കപ്പോഴും.

നിലവിൽ പെരുങ്ങുഴി ശുദ്ധജല പദ്ധതിക്കുവേണ്ടി രണ്ട് തദ്ദേശവാസികൾ സൗജന്യമായി നൽകിയ സ്ഥലവും കെട്ടിടവും കുളവും വാട്ടർ ടാങ്കും ഒരു പ്രയോജനവുമില്ലാതെ കാടു പിടിച്ചു കിടക്കുകയാണ്. നോക്കുകുത്തിയായി നിലകൊള്ളുന്ന ഇവയെ പ്രവർത്തനക്ഷമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതുവഴി അഞ്ച് വാർഡുകളിലെങ്കിലും കുടിവെള്ളം കാര്യക്ഷമമായി എത്തിക്കാൻ കഴിയും. ഇതിന് ഗ്രാമ പഞ്ചായത്തും ജനപ്രതിനിധികളും മുൻകൈ എടുക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.

പദ്ധതി ആരംഭിച്ചത് - 1982ൽ

പദ്ധതി ഉപേക്ഷിച്ചത് - 1995ൽ

കുടിവെള്ളം കിട്ടാക്കനി

10 വാർഡിലെ ഉയർന്ന പ്രദേശമായ കല്ലുകാട് പ്രദേശത്ത് മാസങ്ങളായി കുടിവെള്ളം കിട്ടുന്നില്ല. ടാപ്പും പൈപ്പും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ വെള്ളം എത്താറുമില്ല. ഇതുമൂലം ഈ പ്രദേശത്ത് താമസിക്കുന്ന 25 ൽ പരം കുടുംബങ്ങൾ കുടിവെള്ള ക്ഷാമം നേരിടുകയാണ്.

പെരുങ്ങുഴി വാട്ടർ സപ്ലൈ സ്‌കീം

ഗാന്ധിസ്മാരകം ജംഗ്‌ഷന്‌ സമീപമാണ് പെരുങ്ങുഴി വാട്ടർ സപ്ലൈ സ്‌കീം എന്ന കുടിവെള്ള പദ്ധതി ആരംഭിക്കുന്നത്. പൊയ്കയിൽ വീട്ടിൽ പരേതനായ എൻ. മാധവൻ സൗജന്യമായി നൽകിയ അഞ്ച് സെന്റ് സ്ഥലത്താണ് കുളം നിർമ്മിക്കുകയും അവിടെ തന്നെ പമ്പ്സെറ്റ് സ്ഥാപിക്കുകയും തൊട്ടടുത്തായി ശാരദ ടീച്ചർ സൗജന്യമായി നൽകിയ പത്ത് സെന്റ് സ്ഥലത്ത് വാട്ടർ ടാങ്ക് നിർമ്മിച്ചുമാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒൻപത്, പത്ത് എന്നീ വാർഡുകളിൽ ഈ പദ്ധതി മൂലം കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടായിരുന്നു.