കാഞ്ഞങ്ങാട്: വിവാഹ പാർട്ടി സഞ്ചരിച്ച ബസ് മറിഞ്ഞ് ഏഴുപേർ മരിച്ചതിന്റെ നടുക്കം ഇതുവരെ വിട്ടുമാറിയിട്ടില്ല മലയോര ഗ്രാമമായ പാണത്തൂരുകാർക്ക്. ഇന്നലെ ഉച്ചയോടെയാണ് ദാരുണമായ അപകടത്തിൽ കർണ്ണാടക സ്വദേശികളായ ഏഴുപേരുടെ ജീവൻ പൊലിഞ്ഞത്. ആറോളം പേർ ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നുമുണ്ട്.
കരിക്കെ ചെത്തുകയം സ്വദേശിയായ പ്രശാന്തും പുത്തൂർ ഈശ്വരമംഗലം സ്വദേശി അരുണയും തമ്മിൽ വിവാഹിതരായി മിനിറ്റുകൾക്കകമാണ് അപകടം നടന്നത്. കരിക്കെ പഞ്ചായത്ത് ജീവനക്കാരനായ പ്രശാന്തും അരുണയും തമ്മിലുള്ള വിവാഹം പകൽ 11.30യോടെയായിരുന്നു. മുഹൂർത്തത്തിന് തന്നെ വധുവും അടുത്ത ബന്ധുക്കളും കാറിൽ വരന്റെ വീട്ടിലെത്തി, പിന്നാലെ വിവാഹം നടന്നു. ഇത് കഴിഞ്ഞുള്ള സത്കാരത്തിൽ പങ്കെടുക്കുന്നതിനായാണ് അരുണയുടെ ബന്ധുക്കളടക്കമുള്ളവർ ചെത്തുകയത്തേക്ക് വന്നത്. 12 മണിയോടെ ഇവർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു. ഈ സമയത്ത് നവദമ്പതികളും സംഘവും ഇവരെ കാത്ത് ചെത്തുകയത്തെ വിവാഹവേദിയിലായിരുന്നു.
ഒത്തുപിടിച്ച് നാട്ടുകാർ, മരണക്കയത്തിൽ നിന്ന് രക്ഷിച്ചെടുത്തത് നിരവധി പേരെ
പാണത്തൂർ പരിയാരത്ത് വിവാഹ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ ഉടൻ രക്ഷാപ്രവർത്തനത്തിന് കൈമെയ് മറന്നിറങ്ങിയത് നാട്ടുകാരാണ്. മറിഞ്ഞ ബസിന് അടിയിൽ അകപ്പെട്ടവരെ പുറത്തെടുക്കാനും ഇവരെ ആശുപത്രിയിലെത്തിക്കാനും നാട്ടുകാർ ഒറ്റക്കെട്ടായി അണിനിരന്നു. ഏറെ പണിപ്പെട്ടാണ് ബസിനടയിൽ അകപ്പെട്ടവരെ പുറത്തെടുത്തത്. മരണസംഖ്യ ഇതിലും ഉയരുമായിരുന്നത് പിടിച്ചു നിർത്താനായതിൽ നാട്ടുകാരുടെ ഇടപെടൽ പ്രധാനമാണ്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുന്നുവെന്ന് അറിഞ്ഞയുടൻ കാഞ്ഞങ്ങാടും ഒരു മണിയോടെ നാട്ടുകാരുടെ വലിയ സംഘം സർവ്വസജ്ജരായി എത്തിയിരുന്നു. രക്തദാനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി മാസ്‌കും കൈയ്യുറയും ധരിച്ച യുവാക്കളും ജനപ്രതിനിധികളും എത്തിയത് മറ്റൊരാളുടെയും പ്രേരണയില്ലാതെയാണ്.
അപകടം നടന്ന സ്ഥലത്തേക്ക് ഏറെ ദൂരെയുള്ള കുറ്റിക്കോലിൽ നിന്നും മറ്റും അഗ്നിരക്ഷാ സേനാ സംഘങ്ങൾ എത്തിയെങ്കിലും അപ്പോഴേക്കും നാട്ടുകാർ പരമാവധി പേരെ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു സംഭവ സ്ഥലം സന്ദർശിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ ബേബി ബാലകൃഷ്ണൻ, നഗരസഭാ ചെയർപേഴ്സൺ കെ.വി. സുജാത, വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള തുടങ്ങിയവരും എത്തിയിരുന്നു. ഇന്നലെ വൈകുന്നേരം വരെ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ വലിയ സന്നാഹം എന്തിനും തയ്യാറായി ആശുപത്രിയിൽ നിലയുറപ്പിച്ചിരുന്നു.
വരന്റെയും വധുവിന്റെയും വീടുകളും വിവാഹവേദിയും കർണാടകത്തിൽ, അപകടം കേരളത്തിൽ
ദാരുണ അപകടം നടന്നത് കേരളത്തിലാണെങ്കിലും വരന്റെയും വധുവിന്റെയും വീടുകളും വിവാഹ വേദിയും കർണാടകത്തിലായിരുന്നു. പുത്തൂർ ഈശ്വരമംഗലത്തെ അരുണയും കരിക്കെ ചെത്തുകയത്തെ പ്രശാന്തും തമ്മിൽ നടക്കേണ്ടിയിരുന്ന വിവാഹമാണ് രണ്ട് സംസ്ഥാനങ്ങളെ കണ്ണീരിലാഴ്ത്തിയ അപകടത്തിൽ കലാശിച്ചത്. പ്രശാന്തിന്റെ നാടായ ചെത്തുകയത്തായിരുന്നു വിവാഹവേദി നിശ്ചയിച്ചിരുന്നത്. ഇതിനായി അരുണയും ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന സംഘം ബസിലും കാറിലുമായി പുത്തൂരിൽ നിന്ന് ചെത്തുകയത്തേക്ക് വരികയായിരുന്നു. കർണാടക സംസ്ഥാനത്തുള്ള ഈ രണ്ട് പ്രദേശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏക റോഡ് കടന്നുപോകുന്നത് കേരളത്തിലൂടെയാണ്. ഈശ്വരമംഗലത്ത് നിന്ന് സുള്ള്യ വഴി പരിയാരത്തെത്തിയ വധുവിന്റെ സംഘം പാണത്തൂർ ചെക്ക്‌പോസ്റ്റ് കടന്ന് ചെത്തുകയത്തേക്ക് പോകേണ്ടതായിരുന്നു. എന്നാൽ ചെക്‌പോസ്റ്റിൽ എത്തുന്നതിന് മുൻപ് പരിയാരത്തെ ചെങ്കുത്തായ ഇറക്കത്തിൽ വച്ച് ബസ് അപകടത്തിൽ പെട്ടു. ഇതോടെ വിവാഹവും മുടങ്ങി.
യന്ത്ര തകരാറല്ല
ബസ് അപകടത്തിന്റെ കാരണം യന്ത്രത്തകരാറല്ലെന്ന് ആർ.ടി.ഒ. ഫിറ്റ്നസ് സർട്ടിഫിക്കറ്റുള്ള വണ്ടിയാണ്. ടയറിന് തേയ്മാനമോ ബ്രേക്കിന് പ്രശ്നങ്ങളോ പരിശോധനയിൽ കണ്ടെത്താനായില്ല. ചെങ്കുത്തായ ഇറക്കം ആയതിനാൽ ഡ്രൈവറുടെ അശ്രദ്ധയും പരിചയ കുറവും അപകടത്തിന് കാരണമായിട്ടുണ്ടാകാം. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയ ശേഷം കൂടുതൽ പരിശോധന നടത്തുമെന്നും കാസർകോട് ആർ.ടി.ഒ രാധാകൃഷ്ണൻ പറഞ്ഞു.