kovalam

കോവളം: വിഴിഞ്ഞം പുളിങ്കുടി ആഴിമല ശിവക്ഷേത്രത്തിൽ ഗംഗാധരേശ്വര രൂപം ഭക്തജനങ്ങൾക്ക് തുറന്ന് കൊടുത്തതോടെ ഇവിടെ തിരക്കേറി. ഇതിന്റെ ഭാഗമായി ആഴിമല ബീച്ചിൽ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കാൻ സമഗ്ര മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നു. പ്രദേശവാസികളുടെയും ട്രസ്റ്റ് ഭാരവാഹികളുടെയും ആവശ്യം കണക്കിലെടുത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ 10ന് ആഴിമല ഗംഗാധരേശ്വരരൂപവും ബീച്ചും സന്ദർശിക്കും. ആഴിമല സന്ദർശിക്കുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനാകും മാസ്റ്റർ പ്ളാനിൽ ഊന്നൽ നൽകുക.

ഗംഗാധരേശ്വര രൂപത്തിന് തൊട്ടുപിറകിലാണ് കടലിലെ ആഴം കൂടിയ ഭാഗം. ഇവിടെയാണ് ആറ് മാസങ്ങൾക്ക് മുൻപ് അഞ്ചംഗസംഘം അപകടത്തിൽപ്പെട്ടിരുന്നു. ഇവിടുത്തെ പാറക്കെട്ടുകൾ വഴുക്കൽ നിറഞ്ഞതാണ്. അപ്രതീക്ഷിതമായി വന്നടിക്കുന്ന കൂറ്റൻ തിരമാലകളിൽപ്പെട്ടാണ് പലരും അപകടക്കെണിയിൽ അകപ്പെടുന്നത്. ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പലയിടങ്ങളിലും സുരക്ഷാ കൈവരികൾ കെട്ടിയിട്ടുണ്ടെങ്കിലും അപകട മേഖല ഇപ്പോഴും തുറന്ന് കിടക്കുകയാണ്. 30 അടിയോളം താഴ്ചയുള്ള ഗർത്തവും അപകട ഭീഷണി ഉയർത്തുന്നു. ഇവിടെ സന്ദർശകർക്ക് കർശന വിലക്ക് ഏർപ്പെടുത്തിയില്ലെങ്കിൽ വിലപ്പെട്ട ജീവനുകൾ അപകടത്തിൽപ്പെടും. രാത്രിയിൽ ആഴിമല ബീച്ച് കൂരിരുട്ടിന് നടുവിലാണ്. ഇവിടെ അടിസ്ഥാന സൗകര്യങ്ങളോ സി.സി ടി.വി കാമറകളോ ഒരുക്കിയിട്ടുമില്ല. കടലിൽ ആരെങ്കിലും അപകടത്തിൽപ്പെട്ടാൽ രക്ഷപ്പെടുത്തുന്നതിന് ലൈഫ് ഗാർഡുകളുടെ സേവനവും ലഭ്യമല്ല. ഇത് കണക്കിലെടുത്ത് ഇന്ത്യയിലെ തന്നെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായി മാറുന്ന അഴിമല ബീച്ചിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാണ് പ്രധാന ആവശ്യം.


ഗതാഗതക്കുരുക്കിൽപ്പെട്ട് വാഹനങ്ങൾ

കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ തിരക്ക് കാരണം മുല്ലൂർ-പുളിങ്കുടി-ചപ്പാത്ത് റോഡിൽ വാഹനങ്ങൾ വലഞ്ഞു. മണിക്കൂറോളം വിഴിഞ്ഞം പൊലീസും ട്രസ്റ്റിന്റെ നേതൃത്വലുള്ള ഹോം ഗാർഡുകളും പണിപ്പെട്ടാണ് തിരക്ക് ഒഴിവാക്കിയത്. മുല്ലൂർ ചപ്പാത്ത് പ്രധാന റോഡിലെ പുളിങ്കുടി ജംഗ്ഷനു സമീപത്തു നിന്ന് തിരിഞ്ഞാണ് ആഴിമല ക്ഷേത്രത്തിലേക്ക് വാഹനങ്ങൾ പോകുന്നത്. ഇരുഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ഒരേസമയം തിരിയുവാൻ ശ്രമിക്കുമ്പോഴാണ് പ്രധാന റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്. വാഹന പാർക്കിംഗിനായി ക്ഷേത്രപരിസരത്ത് അവസരം ഒരുക്കുവാനുള്ള ശ്രമം നടത്തിയെങ്കിലും ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വന്നു തുടങ്ങിയതോടെ തിരക്കേറി. കൂടുതൽ സ്ഥലം ഏറ്റെടുക്കുവാനുള്ള ശ്രമത്തിലാണ് ട്രസ്റ്റ് ഭാരവാഹികൾ.


സുരക്ഷ പ്രഖ്യാപനങ്ങളിൽ മാത്രം
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തും ആഴിമല പരിസരപ്രദേശങ്ങളിലും സുരക്ഷ വർദ്ധിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് അന്നത്തെ ജില്ലാ കളക്ടറായ ബിജു പ്രഭാകർ പറഞ്ഞിരുന്നു. ഹാർബർ എൻജിനിയറിംഗ്, ഡി.ടി.പി.സി എന്നിവയുമായി ചേർന്ന് സുരക്ഷാ സംവിധാനങ്ങളും നവീകരണവും ഒരുക്കുമെന്നും സുരക്ഷാജോലികൾക്കായി കൂടുതൽ പൊലീസുകാരെയും ലൈഫ് ഗാർഡുമാരെയും തുറമുഖ പരിസരത്തും ആഴിമലയിലും ചുമതപ്പെടുത്തുമെന്നും പറഞ്ഞെങ്കെലും എല്ലാം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി.


"അപകടംനിറഞ്ഞ ഭാഗത്ത് സുരക്ഷാ ഭിത്തി നിർമ്മിക്കുകയും അപകട സൂചനാ ബോർഡുകൾ സ്ഥാപിക്കുകയും വേണം. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കണം. "

എസ്. വിജേഷ്, ജനറൽ സെക്രട്ടറി, ആഴിമല ശിവക്ഷേത്രം ദേവസ്വം ട്രസ്റ്റ്