kuttyadi

കുറ്റ്യാടി: മലയോരത്ത് കായിക പ്രതിഭകളെ വളർത്തി എടുക്കുന്നതിനായി കുറ്റ്യാടി കേന്ദ്രീകരിച്ച് കായിക അക്കാദമി വേണമെന്ന് ആവശ്യം. ഫുട്‌ബാൾ, വോളിബാൾ, കബഡി, ബാസ്‌ക്കറ്റ് ബാൾ, തുഴച്ചിൽ തുടങ്ങിയ ഇനങ്ങളിൽ പരിശീലനം നേടാൻ പറ്റുന്ന തരത്തിലുള്ള സംവിധാനങ്ങളായിരിക്കണം ഇവിടെ ഏർപ്പെടുത്തേണ്ടത്, ഇതിനായി കായിക മേഖലയിലെ വിദഗ്ദരെ ഉൾപെടുത്തണം. പത്ത് വയസ് മുതൽ പതിനഞ്ച് വയസുവരെയുള്ള കുട്ടികൾക്ക് വിദഗ്ദ്ധ പരിശീലനം നൽകി അന്തർദേശീയ നിലവാരത്തിൽ എത്തിക്കാനുള്ള ലക്ഷ്യമാണ് അക്കാദമി ലക്ഷ്യമിടേണ്ടത്.

പ്രഗത്ഭരായ കോച്ചുകളെ പരീശീലനത്തിനായി എത്തിക്കുന്നതോടൊപ്പം സൗകര്യമുള്ള കളിക്കളവും, നീന്തൽകുളവും മറ്റ് സൗകര്യങ്ങളും നിർമ്മിക്കണം. എല്ലാ കുട്ടികൾക്കും സ്വയം പ്രതിരോധ ക്ലാസുകൾ നൽകുകയും, രാജ്യത്തുള്ള വിവിധ സേനാ വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ പങ്കെടുക്കുന്നവർക്കായി ഇവിടെ പരിശീലനങ്ങളും ഏർപ്പെടുത്തേണ്ടിയിരിക്കുന്നു.
ഒട്ടേറെ ജില്ല-സംസ്ഥാന യൂത്ത് ചാമ്പ്യൻഷിപ്പുകൾ ആതിഥ്യമേകുകയും നിരവധി ടൂർണ്ണമെന്റുകൾ സംഘടിപ്പിക്കുകയും ചെയ്ത കോഴിക്കോട് ജില്ലയിലെ ഏറ്റവും സജീവമായ ഫാസ് കുറ്റ്യാടി എന്ന വോളിബാൾ കളിക്കാരുടെ കൂട്ടായ്മയും മറ്റ് മലയോര മേഖലയിലെ നിരവധി കായിക പ്രേമികളും വിദ്യാർത്ഥികളും കുറ്റ്യാടി കേന്ദ്രീകരിച്ച് ഒരു കായിക അക്കാഡമി ഉയർന്നു വരുവാൻ പ്രതീക്ഷിക്കുകയാണ്.
ഒരു ഇന്ത്യൻ കായിക താരത്തിന് കിട്ടുന്ന ഏറ്റവും വലിയ ബഹുമതിയായ അർജുന അവാർഡ് ടോം ജോസഫ് എന്ന വോളിബാൾ ഇതിഹാസത്തിന് ലഭിച്ചപ്പോൾ ഏറ്ററും കൂടുതൽ സന്തോഷിച്ചതും ഏറെ പരിചിതരായ കുറ്റ്യാടി നിവാസികൾ ആയിരിക്കും. ടോമിന്റെ ശക്തമായ കാലടികൾ ഇവിടെ ഏറെ പതിഞ്ഞതിനാൽ തന്നെ മലയോര മേഖലയിൽ നിന്നും വീണ്ടും ഒരായിരം ടോം ജോസഫ് മാർ ഉണർന്നെഴുന്നേറ്റ് കായിക ലോകത്തിന് ശക്തി സാന്നിദ്ധ്യമറിയിക്കണമെന്ന ചിന്ത മാത്രമാണ് കുറ്റ്യാടിയിലെ കായിക പ്രേമികൾക്കും ജനങ്ങൾക്കും ഉള്ളത്.