purogathi-vilayiruthunnu

കല്ലമ്പലം: ചാത്തമ്പറ - പറങ്കിമാംവിള - മണമ്പൂർ റോഡിന്റെ നിർമ്മാണ പുരോഗതി അഡ്വ. ബി. സത്യൻ എം.എൽ.എയും മറ്റ് ജന പ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന് വിലയിരുത്തി. സംസ്ഥാന സർക്കാരിന്റെ വാർഷിക ബഡ്ജറ്റിൽ ഉൾപ്പെടുത്തി 3 കോടി രൂപ ചെലവിലാണ് റോഡ്‌ നിർമ്മാണം പൂർത്തിയാക്കുന്നത്. ദേശീയപാതയിലെ ചാത്തമ്പറയെ നിർദ്ദിഷ്ട ദേശീയ പാത ബൈപ്പാസിലെ മണമ്പൂരുമായി ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്‌. ബി.എം ആൻഡ് ബി.സി നിലവാരത്തിലാണ് പൊതുമരാമത്ത് വകുപ്പ് റോഡ്‌ നിർമ്മിക്കുന്നത്. സൈഡ് വാൾ നിർമ്മാണം ഉടൻ പൂർത്തിയാകും. തുടർന്ന് ടാറിംഗ് ജോലികൾ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ. നഹാസ്, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ കുഞ്ഞുമോൾ, പഞ്ചായത്തംഗങ്ങളായ സുധീർ, എം.എ. മനാഫ്, റാഷിദ്, പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനിയർ അജിത്‌, അസിസ്റ്റന്റ് എൻജിനിയർ രാകേഷ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.