തിരുവനന്തപുരം: ഒമ്പതര മാസത്തെ ഇടവേളയ്ക്ക് ശേഷം കോളേജുകൾ ഭാഗികമായി തുറന്നു. അവസാന വർഷ ബിരുദവിദ്യാർത്ഥികളും പി.ജി വിദ്യാർത്ഥികളും ക്ളാസുകളിലെത്തി. അവസാന വർഷ പരീക്ഷ നേരിടുന്ന വിദ്യാർത്ഥികൾ എന്ന നിലയിലാണ് ഇവരുടെ ക്ളാസുകൾ തുടങ്ങിയത്.

നീണ്ട ഇളവേളയ്ക്ക്ശേഷം തമ്മിൽ കണ്ടതിന്റെ ആഹ്ളാദത്തിൽ സൗഹൃദങ്ങൾ പങ്കുവയ്ക്കുന്ന തിരക്കിലായിരുന്നു വിദ്യാർത്ഥികൾ. ലബോറട്ടറി പരിശീലനത്തിനും പ്രധാന പാഠഭാഗങ്ങൾക്കും ഊന്നൽ നൽകി രണ്ട് ഷിഫ്റ്റായി രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയാണ് ക്ളാസുകൾ. ഓരോ ഷിഫ്റ്റിലും 50 ശതമാനം വിദ്യാർത്ഥികൾ വീതം. ശനിയാഴ്ചയും പ്രവൃത്തി ദിവസമാണ്. സർവകലാശാലകളിലെ കാമ്പസുകളിലും ക്ളാസുകൾക്ക് തുടക്കമായി. ഒരു വിദ്യാർത്ഥിക്ക് അഞ്ച് മണിക്കൂർ വരെ ക്ളാസ് കിട്ടത്തക്കരീതിയിൽ പ്രിൻസിപ്പൽമാരാണ് ഷിഫ്റ്റ് ക്രമീകരിക്കുന്നത്. സാമൂഹിക അകലം പാലിച്ച് മാസ്ക് ധരിച്ച്, സാനിട്ടൈസർ കൊണ്ട് കൈ വൃത്തിയാക്കിയാണ് വിദ്യാർത്ഥികളെ

കാമ്പസുകളിലേക്ക് കടത്തിവിട്ടത്. അകലം പാലിച്ചാണ് ക്ളാസുകളിൽ ഇരുത്തിയതും.

ഹോസ്റ്റലുകളും മെസുകളും പ്രവർത്തിച്ചു തുടങ്ങി. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം മാർച്ച് 16നാണ് ക്ലാസുകൾ നിറുത്തിവച്ചത്.

ആർട്‌സ് ആൻഡ് സയൻസ്, ലാ, മ്യൂസിക്, ഫൈൻ ആർട്‌സ്, ഫിസിക്കൽ എഡ്യുക്കേഷൻ, പോളിടെക്‌നിക് എന്നിവിടങ്ങളിൽ അഞ്ച്, ആറ് സെമസ്റ്റർ ബിരുദ വിദ്യാർത്ഥികൾക്കും പി.ജി വിദ്യാർത്ഥികൾക്കും ഗവേഷകർക്കുമാണ് ക്ലാസ്.

എൻജിനിയറിംഗ് കോളേജുകളിൽ ഏഴാം സെമസ്റ്റർ ബി.ടെക്, ഒമ്പതാം സെമസ്റ്റർ ബി.ആർക്, മൂന്നാം സെമസ്റ്റർ എം.ടെക്, എം.ആർക്, എം.പ്ലാൻ, അഞ്ചാം സെമസ്റ്റർ എം.സി.എ, ഒമ്പതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.സി.എ ക്ലാസുകളാണ് തുടങ്ങിയത്.

മെഡിക്കൽ കോളേജുകളിൽ അവസാന വർഷ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ് ക്ളാസുകളും തുടങ്ങി. മറ്റ് ക്ളാസുകൾ ഈ മാസം അവസാനത്തോടെ തുടങ്ങും.