ജീവിതം ഒരു പാഠമാണ്. അത് നമ്മേ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഓരോ ദിവസവും ഓരോ അദ്ധ്യായങ്ങളിലൂടെയാണ് പഠനം. അതിൻെറ ശരിതെറ്റുകൾ തിരിച്ചറിഞ്ഞ് പഠിച്ചാൽ ജീവിതം സന്തുഷ്ടമാകും. കൊവിഡ്കാലം അത് നമ്മെ പഠിപ്പിച്ചു. സ്വാതന്ത്ര്യം തന്നെ അമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം എന്ന ആപ്തവാക്യത്തിന്റെ പൊരുൾ നാം തിരിച്ചറിഞ്ഞു. ഈ മനോഹരതീരത്ത് സുന്ദരമായി ജീവിക്കണമെങ്കിൽ വേണ്ടത് സ്വാതന്ത്ര്യം തന്നെ. സ്വാതന്ത്ര്യം അടയുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ വിലയറിയുക. കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് പറയുന്നതുപോലെ. നല്ല പല്ലുകളിലൊന്ന് അപകടത്തിൽ തെറിച്ച് പോകുമ്പോഴാണ് പല്ലിൻെറ പ്രസക്തി തിരിച്ചറിയുന്നത്. പിന്നെ ആ പല്ലിനെപ്പറ്റിയാകും ചിന്ത. ആ പല്ലിന് പകരം മറ്റൊന്ന് വച്ചാലും പഴയ തൃപ്തി കിട്ടിയെന്ന് വരില്ല. കാലം ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളാണിത്. അതിനൊത്ത് അഭിനയിക്കുമ്പോഴാണ് ജീവിതം സുരഭിലമാകുന്നത്.
ഓർത്താൽ ജീവിതമൊരു ചെറിയ കാര്യം പക്ഷേ, ആർത്തി കാണിച്ചിട്ടെന്തു കാര്യം എന്ന് കവി പാടിയത് ചുമ്മാതല്ല, അതിൽ വലിയൊരു കാര്യമുണ്ടെന്ന് കൊവിഡ് കാലം നമ്മെ പഠിപ്പിച്ചു. ജീവിതം വലുതല്ല ചെറുതാണെന്നും കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ഒരു വൈസിന് മുന്നിൽ നാം ഒന്നുമല്ലെന്നും എത്രപേർ പഠിച്ചു? ഇല്ലെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. ആർത്തി കാണിച്ചാൽ എന്തും ചെയ്യും? അത് കൊണ്ടെത്തിക്കുന്നതോ ആർത്തി എത്തപ്പെടാത്തിടത്തും. മനുഷ്യനെ മാറ്റിയെടുക്കാനുള്ള നിശബ്ദ വിപ്ളവമായിരുന്നു കൊവിഡ്കാംലം. അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും വരെ കൊവിഡ് തുടച്ചു മാറ്റി. പുതിയൊരു ജീവിതരീതി പഠിപ്പിച്ചു. അത് ജനനത്തിലും വിവാഹത്തിലും മരണത്തിലുമെല്ലാം പാഠമായി. ഇതാണ് ജീവിതം, ഇങ്ങനെയായിരിക്കണം ജീവിതം എന്ന തിരിച്ചറിവ് തന്ന പാഠം. അത് എത്രപേർ ഹൃദിസ്ഥമാക്കി എന്നതാണ് പരീക്ഷയില്ലാത്ത ജീവിതത്തിൽ ചോദ്യമാകുന്നത്.