കേരളത്തിന്റെ ആധുനിക വികസന ഭൂപടത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തേണ്ട സുദിനമാണിന്ന്. കൊച്ചിയിലെ വൈപ്പിനിൽ നിന്ന് കർണാടകയിലെ മംഗലാപുരം വരെ 444 കിലോമീറ്റർ നീളുന്ന പ്രകൃതി വാതക പൈപ്പ് ലൈൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു രാഷ്ട്രത്തിനു സമർപ്പിക്കുകയാണ്. രാഷ്ട്രീയ ലാഭത്തിൽ മാത്രം കണ്ണുള്ള ചിലരുടെ പിടിവാശിയും കാര്യജ്ഞാനമില്ലാത്ത സാധാരണക്കാരെ മുന്നിൽ നിരത്തി നടത്തിയ സമരാഭാസങ്ങളും ഇല്ലാതിരുന്നുവെങ്കിൽ ഏഴുവർഷം മുൻപേ തന്നെ കമ്മിഷൻ ചെയ്യേണ്ടിയിരുന്ന പദ്ധതിയാണിത്. വാതക പൈപ്പ് ലൈൻ പൊട്ടിപ്പോകുമെന്നും അതു കടന്നുപോകുന്ന വഴികളിലുള്ള കുടുംബങ്ങളുടെയെല്ലാം ജീവൻ കത്തിച്ചാമ്പലാകുമെന്നും ഭയപ്പെടുത്തി ജനങ്ങളെ പദ്ധതിക്കെതിരെ അണിനിരത്തിയതാണ് സംസ്ഥാനത്തിനും പദ്ധതിക്കും വിനയായത്. പത്തുവർഷം മുമ്പു തുടക്കമിട്ട പദ്ധതി ഏഴു വർഷം തടസപ്പെട്ടുകിടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തിപരമായ താത്‌പര്യമെടുത്തതുകൊണ്ടു മാത്രമാണ് 2017-ൽ പദ്ധതിക്ക് വീണ്ടും ജീവൻ വച്ചത്. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും ആരൊക്കെ എതിർത്താലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന ഉറച്ച പ്രഖ്യാപനവും പൈപ്പ് ലൈൻ പദ്ധതി യാഥാർത്ഥ്യമാകുന്ന ഈ ശുഭവേളയിൽ സ്മരിക്കപ്പെടുകതന്നെ വേണം. പൈപ്പ് ഇടുന്നതിനെതിരെ ഉണ്ടായ പ്രക്ഷോഭ പരമ്പരയെ സമർത്ഥമായി നേരിടാൻ സർക്കാരിനു സാധിച്ചു. അതിനുവേണ്ടി ബലപ്രയോഗം നടത്തുന്നതിനു പോലും മടിച്ചുമില്ല. പദ്ധതി വഴി സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങൾ വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞതാണ് വിട്ടുവീഴ്ചയില്ലാത്ത നടപടികൾക്ക് മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്നു പറയാം. മൂവായിരം കോടി രൂപ ചെലവഴിച്ച് ഗ്യാസ് അതോറിട്ടി ഒഫ് ഇന്ത്യ എന്ന പൊതുമേഖലാ സ്ഥാപനം വൈപ്പിനിൽ നിർമ്മിച്ച പ്രകൃതി വാതക ടെർമിനൽ വർഷങ്ങളോളം വെറുതെ കിടക്കുകയായിരുന്നു. ശേഷിയുടെ ആറു ശതമാനം മാത്രമാണ് ഉപയോഗിച്ചുവന്നത്. ടെർമിനൽ ശേഷി പൂർണമായും ഉപയോഗപ്പെടുത്തുകയും പൈപ്പ് വഴി ആവശ്യക്കാർക്കെല്ലാം പ്രകൃതി വാതകം ലഭ്യമാക്കുകയും ചെയ്തിരുന്നുവെങ്കിൽ സംസ്ഥാനത്തിന് ഒരു വർഷം ആയിരം കോടി രൂപയ്ക്കടുത്ത് നികുതി വരുമാനം ലഭിക്കേണ്ടതായിരുന്നു. അർത്ഥശൂന്യമായ എതിർപ്പുകൾ കാരണം ഇതിനകം എത്ര വലിയ വരുമാനമാണ് സംസ്ഥാനത്തിന് നഷ്ടപ്പെട്ടത്.
ചെലവ് കുറഞ്ഞ ഇന്ധനമായ പ്രകൃതി വാതകം സംസ്ഥാനത്തുടനീളം എത്തിക്കാൻ കൂടി ഉദ്ദേശിച്ചുള്ളതാണ് 'ഗെയിലി"ന്റെ വാതക പൈപ്പ് ലൈൻ പദ്ധതി. ഗാർഹികാവശ്യങ്ങൾക്കുവരെ ഏറ്റവും കുറഞ്ഞ ചെലവിൽ ഇന്ധനം ലഭിക്കുമെന്നതാണ് നേട്ടം. എറണാകുളം മുതൽ വടക്കോട്ട് ഏഴു ജില്ലകളിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈൻ ഇവിടങ്ങളിൽ പുതിയൊരു വികസന പാതയ്ക്കാണ് തുടക്കമിടുന്നത്. കൊച്ചി - മംഗലാപുരം പൈപ്പ് ലൈനിനു പുറമേ തമിഴ്‌നാട്ടിലേക്കും കർണാടകയിലെ ബംഗളൂരുവിലേക്കുമുള്ള രണ്ടാം ലൈനിന്റെ നിർമ്മാണവും നടക്കുകയാണ്. പാലക്കാട്ടെ കൂറ്റനാടു നിന്നാണ് പൈപ്പ് ലൈൻ രണ്ടായി വഴി തിരിയുന്നത്. കോയമ്പത്തൂർ, സേലം വഴി ബംഗളൂരുവിലേക്കുള്ള ലൈൻ വാളയാറിൽ എത്തിനിൽക്കുകയാണ്. കേരളത്തിലെ തന്നെ തെക്കൻ ജില്ലകളിലും എൽ.എൻ.ജി എത്തിക്കാനുള്ള പദ്ധതി ഏതാനും വർഷത്തിനകം പ്രാവർത്തികമാകുമെന്നാണ് പ്രതീക്ഷ.
വൈപ്പിൻ - മംഗലാപുരം വാതക പൈപ്പ് ലൈൻ പൂർത്തിയാക്കാൻ നാലായിരത്തി അഞ്ഞൂറു കോടിയോളം രൂപ വേണ്ടിവന്നു. പണി തടസപ്പെടാതിരുന്നുവെങ്കിൽ നിർമ്മാണച്ചെലവ് ഇതിന്റെ പകുതിയേ ആകുമായിരുന്നുള്ളൂ. ഇതോടൊപ്പം തുടങ്ങിയ ഗുജറാത്തിലെ പദ്ധതി വർഷങ്ങൾക്കു മുൻപേ കമ്മിഷൻ ചെയ്തിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിലും പ്രകൃതി വാതകം വ്യാപകമായ നിലയിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. എവിടെയും ഭൂമിക്കടിയിൽക്കൂടിയാണ് പൈപ്പുകൾ പോകുന്നത്. വാതക പൈപ്പുകൾ വലിയ അപകടകാരിയാണെന്ന് അവിടങ്ങളിലെ ആൾക്കാർക്കു തോന്നാറില്ല. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ കർക്കശമായി പാലിച്ചും മനുഷ്യസാദ്ധ്യമായ എല്ലാ മുൻകരുതലുകൾ സ്വീകരിച്ചും പൈപ്പ് കടന്നുപോകുന്ന സ്ഥലമുടമകൾക്ക് ഏറ്റവും നല്ല പ്രതിഫലം ഉറപ്പാക്കിയുമാണ് ഇവിടെയും പൈപ്പ് ലൈൻ സ്ഥാപിച്ചുതുടങ്ങിയത്. എന്നാൽ കിംവദന്തികൾ പ്രചരിപ്പിച്ച് സാധാരണ കുടുംബങ്ങളെ ഭയത്തിന്റെ മുൾമുനയിൽ നിറുത്തി സങ്കുചിത രാഷ്ട്രീയക്കാർ വോട്ടുബാങ്ക് സൃഷ്ടിക്കാനാണ് ദീർഘകാലം ശ്രമം നടത്തിക്കൊണ്ടിരുന്നത്. ഇതു തിരിച്ചറിഞ്ഞു തന്നെയാണ് കേന്ദ്ര സർക്കാർ ഫാക്ട് രക്ഷാ പാക്കേജ് മുൻനിറുത്തി ഉപാധി വച്ച് പൈപ്പ് ലൈൻ പദ്ധതിക്ക് പുതുജീവൻ നൽകിയത്. കൊച്ചി - മംഗലാപുരം വാതക പൈപ്പ് ലൈൻ പദ്ധതിയുടെ നിർമ്മാണ പുരോഗതി പ്രധാനമന്ത്രി മോദി നേരിട്ടു തന്നെ നിരീക്ഷിക്കാൻ തുടങ്ങിയതും വലിയ നേട്ടമായി. വലിയൊരു അനുഭവപാഠം കൂടിയാണിത്.
വാതക പൈപ്പ് ലൈനിനെതിരെ പ്രക്ഷോഭം നയിച്ചവർക്കും പങ്കെടുത്തവർക്കുമെല്ലാം പശ്ചാത്താപത്തിന്റെ ദിനം കൂടിയാണ് ഇന്ന്. നാടിനോ നാട്ടാർക്കോ ഒരു വിധ ദോഷവും വരുത്തുകയില്ലെന്ന് പൂർണമായി അറിയാമായിരുന്നിട്ടും ജനങ്ങളെ കുത്തിയിളക്കി സമര പരമ്പരകൾ നടത്തിവർക്ക് സംസ്ഥാനത്തിന്റെ വികസനമോ നാടിന്റെ പുരോഗതിയോ ആയിരുന്നില്ല ലക്ഷ്യം. വോട്ട് ബാങ്ക് വിപുലീകരണം മാത്രമായിരുന്നു അവരുടെ ഉള്ളിലിരുപ്പ്. ഏറെ നാൾ അവരുടെ വിളയാട്ടം ഫലിച്ചില്ലെന്നതിൽ നാടിന് ആശ്വസിക്കാം.
കേരളത്തിന്റെ മുഖച്ഛായ പാടേ മാറ്റാനുതകുന്ന ഹൈവേ വികസന പദ്ധതിയോടും ഇതേ മനോഭാവം തന്നെയാണ് അടുത്ത കാലം വരെ നിലനിന്നത്. ഇക്കാര്യത്തിലും ഇപ്പോൾ മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. വർഷങ്ങൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ പാത വികസനം യാഥാർത്ഥ്യത്തോടടുക്കുകയാണ്.
മലിനീകരണം നന്നേ കുറവായ പ്രകൃതി വാതകം പരമാവധി പ്രയോജനപ്പെടുത്താൻ അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ച സ്ഥിതിക്ക് ഇനി അതിനു വേണ്ടിയുള്ള പ്രവൃത്തികൾ ത്വരിതപ്പെടുത്തണം. ദ്രവരൂപത്തിൽ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകം എൽ.എൻ.ജി, സി.എൻ.ജി, സിറ്റി ഗ്യാസ് എന്നീ മൂന്നിനങ്ങളായി പരിവർത്തനപ്പെടുത്താനാകും. വ്യവസായ ശാലകൾക്കുള്ള ഇന്ധനമാണ് എൽ.എൻ.ജി. വാഹന ഇന്ധനമായി സി.എൻ.ജി ഉപയോഗിക്കാം. ഗാർഹികാവശ്യങ്ങൾ സിറ്റി ഗ്യാസ് ആണ് ഉപയോഗപ്പെടുത്തുന്നത്. മൂന്നിനും ചെലവ് കുറവാണെന്നതാണ് മെച്ചം. സംസ്ഥാനത്തിന് നികുതിയിനത്തിൽ വലിയൊരു തുക ലഭിക്കുമെന്നതിനു പുറമെ വ്യവസായ രംഗത്ത് ധാരാളം പുതിയ സംരംഭങ്ങൾ തുടങ്ങാനും പ്രകൃതിവാതക ശൃംഖല സഹായകമാകും.