സാനിറ്റൈസർ തുടരെത്തുടരെ ഉപയോഗിക്കുന്നതിന് ഹിതകരമായ ഒന്നല്ല. സോപ്പും വെള്ളവുമുപയോഗിച്ച് കൈകൾ ശ്രദ്ധയോടെ കഴുകുന്നതിന് സാധിക്കാതെ വരുന്ന സാഹചര്യങ്ങളിൽ മാത്രമേ സാനിറ്റൈസർ ഉപയോഗിക്കാവൂ. സാനിട്ടൈസർ പുരട്ടിയ കൈകൾകൊണ്ട് വായിലും മൂക്കിലുമൊന്നും സ്പർശിക്കരുത്. കൊവിഡ് വൈറസ് പകരുമെന്നതിനാൽ അല്ലാത്തപ്പോഴും മുഖത്ത് കൈകൾ കൊണ്ട് സ്പർശിക്കാതെയിരിക്കുന്നതാണ് നല്ലത്.
ഉപയോഗിച്ച മാസ്ക് മാറ്റിവയ്ക്കുമ്പോഴും വീണ്ടുമുപയോഗിക്കുന്നതും വളരെ ശ്രദ്ധയോടെ വേണം. മാസ്ക് വിയർത്തും അല്ലാതെയും നനയാൻ പാടില്ല.
മാസ്കിന്റെ പുറംഭാഗത്ത് തൊടരുത്. പോക്കറ്റിലിടരുത്. ഉപയോഗിച്ച മാസ്ക് തന്നെ വീണ്ടും ഉപയോഗിക്കുന്നത് നല്ലതല്ല. നന്നായി ഉണക്കിയിട്ടാണെങ്കിലും തുടർച്ചയായ ദിവസങ്ങളിൽ ഉപയോഗിക്കരുത്. കഴിവതും പുതിയത് ഉപയോഗിക്കണം.നന്നായി ശ്വാസം കിട്ടണമെന്ന ലക്ഷ്യത്തോടെ ഗുണനിലവാരമില്ലാത്തതും എന്നാൽ, കാണാൻ നല്ലതാണെന്ന രീതിയിലുള്ള
മാസ്ക് ധരിക്കൽ സുരക്ഷിതമല്ല. കൂടുതൽ വെള്ളം കുടിച്ചും തുറസ്സായ സ്ഥലത്ത് മാത്രം മാസ്ക് മാറ്റി ശ്വാസമെടുത്തും മാസ്ക് വയ്ക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ പരിഹരിക്കാവുന്നതാണ്.
മാസങ്ങളായി കാണാതിരുന്ന കൂട്ടുകാരൊക്കെയാകുമ്പോൾ തോളിൽ കയ്യിടാനും കെട്ടിപ്പിടിക്കാനുമൊക്കെ തോന്നും. അവയെല്ലാം വിവേകത്തോടെ നിയന്ത്രിക്കുക. ശരീരത്തിൽ തൊട്ടുള്ള കളി തൽക്കാലം വേണ്ട.
പെൻസിൽ, പേന, പേപ്പർ, ബുക്ക് തുടങ്ങിയവയൊന്നും മറ്റൊരാളിൽ നിന്ന് വാങ്ങരുത്. അഥവാ തൊടാനിടയായാൽ, മറ്റെവിടെയെങ്കിലും തൊടുന്നതിന് മുമ്പ് കൈകളും തൊട്ട വസ്തുവും അണു നശീകരണത്തിന് വിധേയമാക്കണം.
വിദ്യാർത്ഥികൾ ഓരോരുത്തരും അവരവരുടെ വീടുകളിലേക്ക് തിരികെ പോകുന്നവരാണ്. അവിടെ ചെറിയ കുട്ടികളും വൃദ്ധരായവരുമുണ്ടാകാം, മറ്റ് അംഗങ്ങളും. അവർ ദിവസേന പല ആവശ്യങ്ങൾക്കായി പുറത്തു പോകുന്നവരാണ്. അതിനാൽ നിങ്ങളിലൂടെ വീട്ടിലുള്ളവർക്കും വീട്ടിലുള്ളവർ വഴി നിങ്ങൾക്കും മറ്റു കുട്ടികൾക്കും അണുബാധയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന കാര്യം മറക്കരുത്.