" നമ്മളെല്ലാം രാഷ്ട്രീയക്കാരാണ്, നമ്മളെല്ലാം ചേരിതിരിഞ്ഞ് പലരീതിയിലും വാദിക്കുന്നവരാണ്. പക്ഷേ ഒരു പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി പൊലീസ് ലോക്കപ്പിലിട്ട് ഒരാളെ മൃഗീയമായി തല്ലാൻ നേതൃത്വം കൊടുക്കുകയെന്ന് പറഞ്ഞാൽ അത് രാഷ്ട്രീയമാണോ? "- അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ പൊലീസ് ലോക്കപ്പിൽ ക്രൂരമർദ്ദനമേറ്റു വാങ്ങിയ കൂത്തുപറമ്പ് എം.എൽ.എ പിണറായി വിജയൻ, പിന്നീട് നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ നിന്ന്.
അന്ന്, 1975കാലത്ത്, അർദ്ധരാത്രിയിൽ വീട്ടിൽ നിന്ന് പൊലീസ് വിളിച്ചിറക്കിക്കൊണ്ടുപോയി ലോക്കപ്പിൽ പാർപ്പിക്കുകയും അവിടെ പാറാവേല്പിച്ച പൊലീസുകാർ മാറിമാറി മർദ്ദിച്ച് ബോധം കെടുത്തിക്കളയുകയും ചെയ്ത പിണറായി വിജയൻ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്.
2016 മേയ് 25ന് പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് വർദ്ധിത തിളക്കത്തോടെ. ബാർകോഴ, സോളാർ എന്നിങ്ങനെ ആരോപണപ്പെരുമഴകൾ സൃഷ്ടിച്ച അനുകൂല രാഷ്ട്രീയ കാലാവസ്ഥ. അതിനൊപ്പം, പെരുമ്പാവൂരിനടുത്ത് ജിഷ എന്ന പെൺകുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം ആ തിരഞ്ഞെടുപ്പുകാലത്ത് കേരളത്തിൽ കോളിളക്കമുണ്ടാക്കി. പൊലീസ് അനാസ്ഥയെ പൊള്ളുന്ന വിഷയമാക്കി ഇടതുപക്ഷം പ്രചരണം കൊഴുപ്പിച്ചു.
പിണറായി വിജയൻ സർക്കാർ അധികാരമേറ്റ ആദ്യകാലങ്ങളിൽ തന്നെ ജിഷ വധക്കേസിൽ പ്രതിയെ പിടികൂടി മാതൃക കാട്ടിയത്, ആ പൊലീസിനെക്കുറിച്ചുള്ള പ്രതീക്ഷകളെ വാനോളമുയർത്തിയിരുന്നു. ഇന്നിപ്പോൾ ആ പിണറായി സർക്കാർ അവസാന റീലുകൾ ഓട്ടുകയാണ്. മാർച്ച് മാസത്തോടെ തിരഞ്ഞെടുപ്പ് വിജ്ഞാപനമെത്തും. ശരിക്കു പറഞ്ഞാൽ ഇക്കാലം നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിന്റേതാണ്.
കാര്യങ്ങൾ കണ്ടറിഞ്ഞ്, ജനക്ഷേമകരവും വികസനോന്മുഖവുമായ കർമ്മപദ്ധതികൾ പിണറായി സർക്കാർ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. മുമ്പൊരു മുഖ്യമന്ത്രിമാരുടെ കാലത്തുമില്ലാത്ത വിധം ആസൂത്രിതമായാണ് അദ്ദേഹം ഭരണയന്ത്രത്തെ ചലിപ്പിക്കുന്നത്. ഭരണത്തിന്റെ അവസാനനാളുകളിൽ പത്തിവിടർത്തിയാടാറുള്ള ഭരണവിരുദ്ധ വികാരം അത്രകണ്ട് പ്രകടമാകാത്തതും അതുകൊണ്ടായിരിക്കാം. വിവാദങ്ങൾ സർക്കാരിനെ അലട്ടുന്നില്ല എന്നല്ല.
ഏതാണ്ട് ആറ് മാസങ്ങൾക്ക് മുമ്പ് സ്വർണക്കടത്തിന്റെ രൂപത്തിൽ പുറപ്പെട്ട വിവാദം അതിന്റെ പല വേഷപ്പകർച്ചകളിലൂടെ ഇപ്പോഴും സർക്കാരിനെയും ഭരണമുന്നണിയെയും വലംവയ്ക്കുന്നുണ്ട്. അതെപ്പോൾ വേണമെങ്കിലും പുതിയ രൂപപരിണാമം പ്രാപിച്ച് സർക്കാരിനെ ഞെട്ടിച്ചേക്കാമെന്ന് ആശങ്കപ്പെടുന്നവർ ഭരണമുന്നണിയിൽ പോലുമുണ്ട്. അതിനെയെല്ലാം മറികടക്കാനുതകുന്ന വികസനനേട്ടങ്ങൾ ജനങ്ങളെ അനുഭവിപ്പിക്കുന്നതിൽ പരമാവധി മുന്നേറുകയെന്നതിൽ കവിഞ്ഞൊന്നും പിണറായി വിജയൻ ഇപ്പോൾ ചിന്തിക്കുന്നേയില്ല. തദ്ദേശഭരണ തിരഞ്ഞെടുപ്പിലുണ്ടായ സമാനതകളില്ലാത്ത വിജയം (ഭരണമുന്നണിക്ക് അതിന്റെ അവസാനവർഷത്തിൽ പതിവില്ലാത്തത് കൊണ്ടാണ് സമാനതകളില്ലാത്തത്) ഈ സന്ദിഗ്ദ്ധഘട്ടത്തിൽ ഇടതുമുന്നണിക്ക് നൽകുന്ന ആത്മവീര്യം ചെറുതല്ല. അതിവിദഗ്ദ്ധമായ സോഷ്യൽ എൻജിനിയറിംഗിന്, തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ഗതിവേഗം കൂട്ടിയിരിക്കുന്നു.
തുടർഭരണമാണ് പിണറായി വിജയൻ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. അതിന് അദ്ദേഹത്തിന്റെ പൊലീസ് വിലങ്ങു തടിയാകുമോ? 2020ന്റെ അവസാന ആഴ്ചയിൽ നെയ്യാറ്റിൻകരയിലെ രാജൻ- അമ്പിളി ദമ്പതികളുടെ ദാരുണാന്ത്യം ഈ ആശങ്കയുണർത്താതില്ല. പിണറായിയുടെ ആഭ്യന്തരവകുപ്പിന് കീഴിലെ പൊലീസ് 2017ലും 2018ലും 2019ലും വരുത്തിവച്ച ദുരനുഭവങ്ങളുമുണ്ട് മുന്നിൽ.
നെയ്യാറ്റിൻകരയിൽ രാഹുൽ, രഞ്ജിത് എന്നീ മക്കളുടെ മാത്രം അത്താണിയായിരുന്നില്ല, പൊലീസിനെ ഭയന്ന് ആത്മാഹുതി ഭീഷണി മുഴക്കി, അബദ്ധത്തിൽ തീയാളിപ്പടർന്ന് വെന്തുതീർന്ന രാജൻ. ആരോരും തുണയില്ലാത്ത ഒരുപിടി പേർക്ക് അന്നമെത്തിച്ചിരുന്ന മാനുഷികമുഖമായിരുന്നു രാജൻ. ഭാര്യ അമ്പിളിയെ ചേർത്ത് പിടിച്ച് രാജൻ ദേഹത്ത് പെട്രോളൊഴിച്ച് ലൈറ്ററും കൈയിൽ പിടിച്ച് നിന്നപ്പോൾ പൊലീസ് അത് തട്ടിമാറ്റാൻ നോക്കി. അബദ്ധത്തിൽ തീയാളിപ്പടർന്നു. ആ അർത്ഥത്തിൽ രാജന്റേത് ആത്മഹത്യ എന്ന ക്രിമിനൽ കുറ്റകൃത്യമാണ്. പക്ഷേ അതിലേക്ക് നയിച്ചതോ?
ഭൂമി കൈയേറ്റമാരോപിച്ച് വസന്ത എന്ന സ്ത്രീ നൽകിയ പരാതിയിൽ രാജന്റെ കുടുംബത്തെയൊഴിപ്പിക്കാനുള്ള നെയ്യാറ്റിൻകര മുൻസിഫ് കോടതിയുടെ നിർദ്ദേശം നടപ്പാക്കാൻ പോയെന്നാണ് പൊലീസ് ഭാഷ്യം. യഥാർത്ഥത്തിൽ പൊലീസ് കാണിച്ചത് അന്യായമായ തിടുക്കമായിരുന്നു. രാജന്റെയും അമ്പിളിയുടെയും ദേഹത്തേക്ക് തീയാളിപ്പടർന്ന് അര മണിക്കൂറിനകം മുൻസിഫ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തുള്ള ഹൈക്കോടതിയുടെ ഉത്തരവെത്തി. ഈയുത്തരവ് പ്രതീക്ഷിച്ചുതന്നെയാണ് പൊലീസെത്തിയതെന്ന് രാജന്റെ മക്കൾ പറയുന്നു. രാജന്റെ മൃതദേഹം അടക്കാനായി കുഴിയെടുക്കുന്നത് തടയാനുള്ള പൊലീസ് ശ്രമത്തിനെതിരെ ആ മകൻ ചൂണ്ടിയ വിരൽ ആരുടെ നേർക്കായിരിക്കും? ഭരണകൂടത്തിന്റെ മർദ്ദനോപാധിയാണ് പൊലീസ് എന്ന് വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ ഭരണം കേരളത്തിൽ നടക്കുമ്പോൾ ഈ ചൂണ്ടപ്പെട്ട വിരൽ അസ്വസ്ഥതയുണർത്തുന്നതാണ്.
വിനായകൻ, വരാപ്പുഴ, വാളയാർ...
2017 ജൂലായിലാണ് തൃശൂരിലെ ഏങ്ങണ്ടിയൂരിൽ വിനായകൻ എന്ന ദളിതനായ കൗമാരക്കാരന്റെ ആത്മഹത്യ. പൊലീസിന്റെ ക്രൂരമായ പീഡനമാണ് അതിലേക്ക് നയിച്ചതെന്ന പഴിയുയർന്നത് ഭരണത്തിന് കുറച്ചൊന്നുമല്ല ക്ഷീണമുണ്ടാക്കിയത്. സ്വകാര്യ എൻജിനിയറിംഗ് കോളേജിൽ ദുരൂഹസാഹചര്യത്തിലുണ്ടായ ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയെന്ന് വിധിയെഴുതപ്പെട്ടതും, മകന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് അമ്മ മഹിജ നടത്തിയ പരസ്യകലാപവും കേരളത്തിന്റെ ഉള്ളുപൊള്ളിച്ചു.
2018 ഏപ്രിൽ 9ന് എറണാകുളം വരാപ്പുഴയിൽ ആളു മാറി ടൈഗർ പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത് എന്ന യുവാവ് അതിക്രൂരമായ കസ്റ്റഡിമരണത്തിനിരയായത് ഇടതുപക്ഷ പുരോഗമന പാരമ്പര്യം പേറുന്ന സാക്ഷരകേരളത്തെ ലജ്ജാഭാരത്താൽ തല കുനിപ്പിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് ഭീകരത അനുഭവിച്ചറിഞ്ഞ ജനനേതാവ് ഭരിക്കുമ്പോൾ ടൈഗർ പൊലീസ് എന്ന മൃഗീയസംവിധാനമെങ്ങനെ ആവർത്തിച്ചുവെന്ന ചോദ്യം ഇന്നും അന്തരീക്ഷത്തിൽ അലയടിക്കുന്നുണ്ട്.
തൊട്ടടുത്ത വർഷം ഇടുക്കി നെടുങ്കണ്ടത്ത് സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ രാജ് കുമാർ ക്രൂര കസ്റ്റഡിമർദ്ദനത്തിന്റെ അടുത്ത ഇരയായി ജീവൻ വെടിഞ്ഞു. വാളയാറിലെ പെൺകുട്ടികളുടെ ആത്മഹത്യാക്കേസിലും കോട്ടയത്ത് കെവിൻ എന്ന യുവാവിന്റെ ദുരഭിമാനക്കൊലക്കേസിലുമുണ്ടായ പൊലീസിന്റെ വീഴ്ചകൾ നാണക്കേടിന്റെ പുതിയ അദ്ധ്യായങ്ങൾ രചിച്ചു.
മാവോയിസ്റ്റ് വേട്ടയും അലൻ, താഹ അറസ്റ്റും
കേരളത്തിന്റെ വനാന്തരങ്ങളിൽ മാവോയിസ്റ്റുകൾ തണ്ടർബോൾട്ടെന്ന ഓമനപ്പേരിലറിയപ്പെടുന്ന പൊലീസിനാൽ വെടിയേറ്റ് മരിച്ചുവീഴുന്ന കാഴ്ച സർക്കാരിന്റെ ഇടതുപക്ഷമുഖത്തിന് നേർക്കുണ്ടായ വെടിയുതിർക്കലായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ രാജന്റെ കൊലയും നക്സൽ വർഗീസിന്റെ മരണവുമെല്ലാം വല്ലാതെ അപലപിക്കപ്പെട്ട കേരളത്തിൽ, ഒന്നും രണ്ടുമല്ല, നാല് തവണയാണ് മാവോയിസ്റ്റ് കൊല ആവർത്തിക്കപ്പെട്ടത്.
കോഴിക്കോട് പന്തീരാങ്കാവിൽ സംസ്ഥാനം ഭരിക്കുന്ന മുഖ്യ കക്ഷിയായ സി.പി.എമ്മിന്റെ തന്നെ പ്രവർത്തകരും വിദ്യാർത്ഥികളുമായ അലൻ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളെന്ന് മുദ്ര കുത്തപ്പെട്ട് യു.എ.പി.എ പ്രകാരം അറസ്റ്റിലായപ്പോൾ രാഷ്ട്രീയകേരളമാകെ ഞെട്ടിത്തരിച്ചു! ഇവർ ആട്ടിൻകുട്ടികളല്ല, മാവോയിസ്റ്റുകൾ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സാക്ഷ്യപ്പെടുത്തിയേടത്താണ് ആ ദുരന്തം പൂർണ്ണമായത്.
118എ എന്ന വകുപ്പുഭേദഗതിയിലൂടെ പൊലീസുദ്യോഗസ്ഥ സംവിധാനം അടിച്ചേല്പിക്കാൻ നോക്കിയ ഇരുണ്ട നിയമം, സി.പി.എമ്മിൽ നിന്നുതന്നെ പരസ്യ എതിർപ്പുകളുയർന്നപ്പോഴാണ് സർക്കാർ പിൻവലിച്ച് തടിയൂരിയത്. ഈ മാരണനിയമഭേദഗതിക്കായി ചരട് വലിച്ചത് ഏത് ഉദ്യോഗസ്ഥതലയിൽ വിരിഞ്ഞ ബുദ്ധിയാണെന്ന് പലരും ചോദിച്ചു.
തിരുവനന്തപുരത്തെ കള്ളിക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ സുദേവൻ എന്നയാളെ മകളുടെ മുന്നിൽ വച്ച് അധിക്ഷേപിച്ച പൊലീസുദ്യോഗസ്ഥനെ സ്ഥലം മാറ്റേണ്ടി വന്നത് ഒരു മാസം മുമ്പാണ്.
ഏത് ഭരണത്തെയും മറിച്ചിടാൻ പോന്ന ശേഷിയുള്ള അത്യുഗ്രൻ അന്തകവിത്താണ് പൊലീസ്. 2006ൽ ഉമ്മൻ ചാണ്ടി സർക്കാരിനെ കിടത്തിക്കളഞ്ഞത്, തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധമായ ഉരുട്ടിക്കൊലയാണ്. ഉദയകുമാറെന്ന പാവം ചെറുപ്പക്കാരന് നേർക്കായിരുന്നു ഭരണകൂടത്തിന്റെ മർദ്ദനോപാധിയുടെ കിരാതാക്രമണം.
സർവ്വതലസ്പർശിയായ വികസനവും സാമൂഹ്യസുരക്ഷയും മതനിരപേക്ഷതയുമാണ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ സി.പി.എമ്മും ഇടതുപക്ഷവും ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യം. ക്ഷേമപെൻഷനുകൾ വീട്ടിലെത്തിച്ചും കൊവിഡ് കാലത്ത് തുടങ്ങിവച്ച ഭക്ഷ്യകിറ്റ് വിതരണം തുടർന്നുമൊക്കെ, ഒട്ടനവധി ജനകീയ ഇടപെടലുകൾക്ക് ഇച്ഛാശക്തിയോടെ നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നതിൽ സംശയമില്ല. പക്ഷേ സ്വന്തം പൊലീസ് കേൾപ്പിക്കുന്ന പഴിയെ മറികടക്കാൻ എന്തുകൊണ്ടോ സാധിക്കാതെ വരുന്നു. കൊവിഡ് കാലത്തെ പൊലീസ് ഇടപെടലുകളിൽ മാതൃകാപരമായി പലതുമുണ്ടായിട്ടുണ്ടെന്നത് കുറച്ചുകാണുന്നില്ല. യതീഷ് ചന്ദ്രയെ പോലുള്ള ഏമാൻമാർ കാണിച്ച പ്രാകൃതമായ ഏത്തമിടീൽ ശിക്ഷയൊക്കെ അവിടെയും സാക്ഷരകേരളത്തെ നാണം കെടുത്തി.
കായംകുളം വാൾപോലെ ഇരുതലമൂർച്ചയുണ്ട് പൊലീസിന്. സിറാജുന്നീസ വധക്കേസിൽ പഴികേൾപ്പിച്ചയാളെ ഇടതുപക്ഷത്തെയാകെ അമ്പരപ്പിച്ച് പൊലീസുപദേഷ്ടാവാക്കിയ മുഖ്യമന്ത്രിക്ക്, നെയ്യാറ്റിൻകരയെങ്കിലും പാഠമാകേണ്ടതാണ്!