കല്ലറ: പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പും കഴിഞ്ഞ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തിരഞ്ഞെടുത്തു ഭരണ സംവിധാനങ്ങൾ ജനങ്ങൾ ഉപയോഗിച്ചു തുടങ്ങിയപ്പോഴും പാങ്ങോട് പഞ്ചായത്തിൽ ഭരണ പ്രതിസന്ധി.

പ്രസിഡന്റ് തിരഞ്ഞെടുപ്പിലും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും വിജയിച്ചവർ രാജിവച്ചതാണ് ഇതിന് കാരണം. 19 വാർഡുകളുള്ള പാങ്ങോട് പഞ്ചായത്തിൽ എൽ.ഡി.എഫിന്- 8, യു.ഡി.എഫ്- 7, വെൽഫെയർ പാർട്ടി -2, എസ്.ഡി.പി.ഐ- 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും ഒരുമിച്ച് മാത്രമേ നിൽക്കുകയുള്ളൂ എന്നാണ് അറിയിച്ചിരുന്നതെങ്കിലും വെൽഫെയർ പാർട്ടി യു.ഡി.എഫിനെ അനുകൂലിച്ചു. ഇതോടെ യു.ഡി.എഫിന് ഒൻപത് വോട്ടുകൾ ലഭിച്ചു. എസ്.ഡി.പി.ഐ എൽ.ഡി.എഫിന് വോട്ടുകൾ രേഖപ്പെടുത്തിയതോടെ എൽ.ഡി.എഫിന് 10 വോട്ടുകൾ ലഭിച്ചു. ഇതോടെ കാക്കാണിക്കര വാർഡിൽ നിന്ന് വിജയിച്ച എൽ.ഡി.എഫിലെ ദിലീപ് കുമാർ പ്രസിഡന്റായി. എന്നാൽ എസ്.ഡി.പി.ഐയുടെ പിന്തുണ വേണ്ടെന്ന എൽ.ഡി.എഫ് വാദത്തിൽ പ്രസിഡന്റ് സ്ഥാനം അപ്പോൾ തന്നെ രാജിവച്ചു. തുടർന്ന് ഉച്ചക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലും സമാനമായ സംഭവങ്ങൾ അരങ്ങേറുകയും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മൈലമൂട് വാർഡിലെ റീന രാജിവച്ചു. രാജി വച്ചെങ്കിലും നിയമപരമായി അതിനു സാധുത ഇല്ലാത്തന്നതാണ് മറ്റൊരു വസ്തുത. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആൾ പ്രസിഡന്റിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് പഞ്ചായത്ത് രാജ് നിയമത്തിൽ. ഇവിടെ പ്രസിഡന്റ് ഇല്ലാത്ത തിനാൽ അതും നടന്നില്ല.

വീണ്ടും നടത്തുന്ന തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ നേരത്തെ എടുത്ത നിലപാട് സ്വീകരിച്ചാൽ പിന്നെയും രാജികൾ ഉണ്ടാകും. മറ്റെല്ലാ പഞ്ചായത്തുകളിലും സ്ഥിരം സമിതി അദ്ധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് ഇന്നും നാളെയുമൊക്കെയായി നടക്കുമെങ്കിലും പാങ്ങോട് നടക്കില്ല. എല്ലാ സ്ഥിരം സമിതി കമ്മിറ്റികളിലും പഞ്ചായത്ത് പ്രസിഡന്റ് കൂടി അംഗമാണ്. ഇവിടെ പ്രസിഡന്റ് ഇല്ല.

കൂടാതെ ലൈഫ് മിഷന്റെ ഉടമ്പടി ഒപ്പിടാനും ജല മിഷന്റെ സൗജന്യ വാട്ടർ കണക്ഷൻ പദ്ധതിയുടെ ഗുണഭോക്തൃലിസ്റ്റ് അംഗീകരിക്കുന്നതിനും സാരഥികൾ ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുണ്ടാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കുന്നുകൂടിക്കിടക്കുന്ന ക്ഷേമ പെൻഷനുകളുടെ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കണമെങ്കിലും ഭരണസമിതി വന്നേ തീരൂ. തനത് പ്ലാൻ ഫണ്ട് വിനിയോഗിക്കണമെങ്കിലും ഇതിന്റെ ആവശ്യം വരും. ജനാധിപത്യം വോട്ടായി രേഖപ്പെടുത്തി അവകാശങ്ങൾക്കുവേണ്ടി കാത്തിരുന്ന മലയോര മേഖലയിലെ തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരും പഞ്ചായത്തിന്റെ ഭരണസ്തംഭനത്തിൽ നിരാശരാണ്.