ksrtc

തിരുവനന്തപുരം: സൂപ്പർ ഫാസ്റ്റ് മുതലുള്ള ദീർഘദൂര സർവീസുകൾ ട്രാൻസ്പോർട്ട് കമ്പനിയായ കെ. സ്വിഫ്ടിലേക്ക് മാറ്റുന്നതോടൊപ്പം, കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിൽ നിന്ന് മോചിപ്പിച്ച് നവീകരിക്കാനും സർക്കാർ പദ്ധതി തയ്യാറാക്കുന്നു. ആദ്യഘട്ടമായി 16 കോടി രൂപ അനുവദിച്ചു. കട്ടപ്പുറത്തിരിക്കുന്ന 1500 ബസുകൾ പുറത്തിറക്കുന്നതിന് അനുവദിച്ച 10 കോടിക്ക് പുറമെയാണിത്.

'കെ.സ്വിഫ്ട്' വരുന്നതോടെ, കെ.എസ്.ആർ.ടി.സി 3600 ബസുകളുള്ള കോർപ്പറേഷനാവും. ഓർഡിനറി, സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ സർവീസുകളും. നിലവിലെ 27,461തൊഴിലാളികൾ തുടരുമെങ്കിലും, സൂപ്പർക്ലാസ് സർവീസുകളിൽ ജോലി ചെയ്യുന്നവരിൽ കുറച്ചു പേരെ വർക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായി പുതിയ കമ്പനിയിൽ നിയോഗിക്കും.

കോർപറേഷൻ ബസ് സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഓൺലൈൻ നിരീക്ഷണ സംവിധാനം വരും. ഓരോ സർവീസിന്റെയും പ്രതിദിന വരുമാനം ശരാശരി പതിനായിരം രൂപയിലെത്തിക്കാനും പദ്ധതി തയ്യാറാക്കും. വരുമാന വർദ്ധനയ്ക്ക് സഹായിക്കുന്ന ജീവനക്കാർക്ക് പ്രത്യേക പാരിതോഷികം പരിഗണനയിലാണ്. ടിക്കറ്റിതര വരുമാന പദ്ധതികളും ആരംഭിക്കും.കെ.എസ്.ആർ.ടി.സി ബസുകളിൽ 300 എണ്ണം സി.എൻ.ജിയിലേക്കും 400 എണ്ണം എൽ.എൻ.ജിയിലേക്കും മാറും. എൻജിൻമാറ്റത്തിന് ബസൊന്നിന് ശരാശരി 5 ലക്ഷം രൂപ ചെലവാകും. അഞ്ചുവർഷത്തെ അറ്റക്കുറ്റപണിക്കുള്ള ചെലവും കരാർ നേടുന്ന കമ്പനി വഹിക്കണം. ആനയറയിൽ സി.എൻ.ജി ഫില്ലിംഗ് സ്റ്റേഷൻ ഉടൻ പ്രവർത്തനമാരംഭിക്കും.

കരാർ നിയമം 2,400 പേർക്ക്

പുതിയ കമ്പനിയിൽ ആദ്യഘട്ടമായി 2,400 പേരെ നിയമിക്കാനാണ് ധാരണ. എം.പാനലായി ജോലി ചെയ്യവെ പിരിച്ചുവിട്ടവരുടെ ഷോ‌ട്ട് ലിസ്റ്റിലുള്ളവരാണ് ഇവർ. ഡ്യൂട്ടി എണ്ണം നോക്കിയാണ് ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്. പല ഘട്ടങ്ങളിലായി പതിനായിരത്തിലേറെ പേരെയാണ് പിരിച്ചുവിട്ടത്. ലിസ്റ്റിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുന്ന കാര്യവും പരിഗണിക്കും. നിയമന, സേവന, വേതന വ്യവസ്ഥകളിൽ അന്തിമതീരുമാനമായിട്ടില്ല.

പുതിയ കമ്പനിയെപ്പറ്റി വിശദീകരിക്കുന്നതിന് സി.എം.ഡി ബിജു പ്രഭാകർ അംഗീകൃത തൊഴിലാളി സംഘടനാ ഭാരവാഹികളുമായി 7ന് ചർച്ച നടത്തും. ഹിതപരിശോധനയ്ക്കു ശേഷം നടക്കുന്ന ആദ്യ ചർച്ചയാണിത്. കമ്പനി രൂപീകരണം സ്വകാര്യവത്കരണത്തിനുള്ള തുടക്കമെന്നാരോപിച്ച് സംഘടനകൾ എതിർത്തേക്കും.