bird-flu

തിരുവനന്തപുരം: കോട്ടയം, ആലപ്പുഴ ജില്ലകളിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കാൽ ലക്ഷത്തിലേറെ താറാവുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ചത്തത്.

പാലോട് ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലും ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യുരിറ്റി അനിമൽ ഡിസീസ് ലബോറട്ടറിയിലും നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന്

മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആലപ്പുഴ ജില്ലയിലെ നെടുമുടി, തകഴി, പള്ളിപ്പാട് കരുവാറ്റ, കോട്ടയം ജില്ലയിലെ നീണ്ടൂർ എന്നീ പ്രദേശങ്ങളിലെ താറാവുകളിലാണ് രോഗം. ഈ പ്രദേശങ്ങളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴികളെ അടക്കം കൊന്ന് കുഴിച്ചുമൂടും. ഏകദേശം 38,000 താറാവുകളെ കൊന്നൊടുക്കേണ്ടിവരും. വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നു മുതൽ കൊന്നു കുഴിച്ചുമൂടൽ തുടങ്ങും. ഇവയ്‌ക്കുള്ള നഷ്ടപരിഹാരം പിന്നീട് അനുവദിക്കും.

എച്ച്- 5 എൻ -8 എന്ന വൈറസ് രോഗമാണ് ബാധിച്ചത്. വൈറസിന് വ്യതിയാനം സംഭവിച്ചാൽ മനുഷ്യരിലേക്ക് പടരാൻ സാധ്യതയുണ്ട്. ഇതുവരെ മനുഷ്യരിലേക്ക് പടർന്നിട്ടില്ല. അതിനു സാദ്ധ്യതയുള്ളതിനാൽ പ്രദേശത്ത് പനിലക്ഷണങ്ങളുള്ളവരെ തിരിച്ചറിയാൻ നടപടി തുടങ്ങി.

കോട്ടയം, ആലപ്പുഴ ജില്ലകളിൽ കളക്ടർമാർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഡിസംബറിൽ തുടങ്ങി

ഡിസംബർ 19 മുതൽ ആലപ്പുഴ ജില്ലയിലെ ചില മേഖലകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. മറ്റു പക്ഷികൾക്ക് രോഗബാധയുള്ളതായി റിപ്പോർട്ടില്ല. കഴിഞ്ഞ ദിവസം രാജസ്ഥാനിലും മദ്ധ്യപ്രദേശിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കേന്ദ്ര നിർദ്ദേശത്തിനനുസരിച്ചുള്ള തുടർ നടപടികൾ കൈക്കൊള്ളാനും രോഗബാധ നിയന്ത്രിക്കുന്നതിനും മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു.

പക്ഷിപ്പനി

പക്ഷികളിൽ വരുന്ന വൈറൽ പനി.

ഏവിയൻ ഇൻഫ്ലുവൻസ വൈറസാണ് കാരണം. # പെട്ടെന്ന് പടരുന്നതിനാൽ കൂട്ടത്തോടെ ചാകും.

ദേശാടന പക്ഷികളുടെ കാഷ്ഠം വഴിയും വായുവിലൂടെയും പകരും.

മനുഷ്യരിലേക്ക് ആദ്യം പടർന്നത് ചൈനയിലാണ്.