തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ആര് നയിക്കണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്നും, ഏത് തീരുമാനവും അംഗീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഉമ്മൻചാണ്ടി ഏതു പദവിയിൽ വന്നാലും നല്ലതാണ്. അദ്ദേഹം എന്നും നേതൃനിരയിലുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയിൽ പ്രവർത്തിച്ചപ്പോഴെല്ലാം അദ്ദേഹത്തിന്റെ ഉപദേശങ്ങൾ തേടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് താൻ മത്സരിക്കുന്നില്ലെന്ന കുപ്രചാരണം ചിലർ ബോധപൂർവ്വം നടത്തുന്നുണ്ട്. 1982ൽ 25-ാം വയസിൽ നിയമസഭയിലേക്ക് മത്സരിച്ചത് ഹരിപ്പാട്ട് നിന്നാണ്. നാലു തവണ അവിടെ നിന്ന് മത്സരിച്ചു. എന്നും കൂടെ നിന്നിട്ടേയുളളൂ ആ നാടും നാട്ടുകാരും. തിരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. മത്സരിക്കുകയാണെങ്കിൽ ഹരിപ്പാട്ട് നിന്നായിരിക്കും.
യു.ഡി.എഫ് തകർന്നില്ല
തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വോട്ട് കുറഞ്ഞെന്നും, തകർന്നെന്നും മറ്റുമുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. കോർപ്പറേഷനുകളിൽ പ്രതീക്ഷിച്ച വിജയമുണ്ടായില്ല. മുനിസിപ്പാലിറ്റികളിൽ മുന്നേറ്റം നടത്തി. ജില്ലാപഞ്ചായത്തിലാണ് കണക്കുകൂട്ടലുകൾ തെറ്റിയത്. ഗ്രാമ,ബ്ളോക്ക് പഞ്ചായത്തുകളിൽ ഒപ്പത്തിനൊപ്പം നിന്നു. എന്നാൽ, വോട്ടിംഗിന്റെ നിലനോക്കിയാൽ മേൽക്കൈ യു.ഡി.എഫിനാണ്. ഇടതുമുന്നണിക്ക് 34.96 ശതമാനം വോട്ട് കിട്ടിയപ്പോൾ, യു.ഡി.എഫ്. 35.6ശതമാനം വോട്ട് നേടി.
തദ്ദേശ തിരഞ്ഞെടുപ്പിൽ സർക്കാരിനെതിരായ ആരോപണങ്ങൾ പൂർണ്ണമായി ചർച്ചയാക്കാനായില്ല റിബലുകളുടെ ശല്യം യു.ഡി.എഫിനുണ്ടായി. പോരായ്മകൾ പരിഹരിക്കാൻ യു.ഡി.എഫ് കൂട്ടായി പ്രവർത്തിക്കും. സർക്കാരിന്റെ നൂറുദിന പരിപാടി തട്ടിപ്പാണ്. ഒാണത്തിനും ക്രിസ്മസിനും പുതുവത്സരത്തിലുമൊക്കെ നൂറ് ദിന പദ്ധതികൾ പ്രഖ്യാപിക്കുകയാണ് മുഖ്യമന്ത്രി. ഇതുവരെ 210 ദിന പരിപാടികളായി. എന്തെങ്കിലും പൂർത്തിയായോ?. അഴിമതി ഭരണമാണിവിടെ നടക്കുന്നത്.പത്തിന പരിപാടിയിൽ ഒരിനം അഴിമതി മുക്തകേരളമെന്നത് വിരോധാഭാസമാണ്.
തിരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് മതധ്രുവീകരണത്തിനു സി.പി.എം ശ്രമിക്കുകയാണ്. മുസ്ലിം ലീഗിനെ ചെളിവാരിയെറിയാനുള്ള ബോധപൂർവമായ ശ്രമമാണ് നടത്തുന്നത്. കേരളത്തിൽ മതസൗഹാർദം നിലനിറുത്തുന്നതിൽ
മുസ്ലിം ലീഗിനു വലിയ പങ്കുണ്ട്. ഇക്കാലത്തിനിടയിൽ അർഹമല്ലാത്തതൊന്നും അവർക്ക് ലഭിച്ചിട്ടില്ല.
ബി.ജെ.പിയെ ശക്തിപ്പെടുത്തി യു.ഡി.എഫിനെ ദുർബലപ്പെടുത്താനുള്ള ഹീനബുദ്ധിയാണ് സി.പി.എമ്മിന്റേത്. തദ്ദേശ തിരഞ്ഞെടുപ്പിൽ നൂറിൽപ്പരം വാർഡുകളിൽ സി.പി.എം– ബി.ജെ.പി– എസ്.ഡി.പി.ഐ കൂട്ടുകെട്ടുണ്ടായിരുന്നു. മതങ്ങളെ തമ്മിലടിപ്പിക്കുന്ന നീക്കത്തിൽനിന്ന് സി.പി.എം പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.