കൊച്ചി: മാസ്ക് ധരിക്കണം, സാനിറ്റെെസർ പുരട്ടണം, കൂട്ടംകൂടി നിൽക്കരുത്, മാസ്ക് മാറ്റി സംസാരിക്കാനേ പാടില്ല. കടുത്ത നിയന്ത്രണങ്ങളാണെങ്കിലും അവസാന വർഷ കലാലയ ജീവിതത്തിന്റെ ആഹ്ളാദത്തിലാണ് വിദ്യാർത്ഥികളെല്ലാം. നീണ്ട കാത്തിരിപ്പിനൊടുവിലാണ് നിയന്ത്രണങ്ങളോടെ കോളേജുകളിലും സർവകാലശാലകളിലും അദ്ധ്യയനം ഭാഗികമായി പുനരംഭിച്ചത്. മൂന്നാം വർഷ യു.ജി രണ്ടാം വർഷ പി.ജി വിദ്യാർത്ഥികൾക്കാണ് ക്ലാസുകൾ തുടങ്ങിയത്. രാവിലെ 8.30 മുതൽ വെെകിട്ട് അഞ്ച് വരെ പഠിത്തം നീണ്ടു.അഞ്ച് മണിക്കൂറാണ് ഒരു ദിവസത്തെ അദ്ധ്യയന സമയം.തെർമൽ സ്കാനിംഗ് നടത്തി സാനിറ്റെെസർ പുരട്ടിയാണ് വിദ്യാർത്ഥികളെ കോളേജുകളിലേക്ക് പ്രവേശിപ്പിച്ചത്. ഇതുകൂടാതെ എല്ലാ ക്ലാസ് മുറികൾക്ക് പുറത്തും സാനിറ്റെെസർ സ്ഥാപിച്ചിരുന്നു. ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ക്ലാസ് മുറികൾ, ലാബോറട്ടറികൾ, ഹോസ്റ്റലുകൾ എന്നിവയെല്ലാം അണുവിമുക്തമാക്കിയിരുന്നു. പ്രാക്ടികൽ ക്ലാസുകളും പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളും ഉൾപ്പെടുത്തിയാണ് പഠനം. അവസാന വർഷ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നടക്കുന്നതെിനൊപ്പം മറ്റു ക്ലാസുകൾക്കുള്ള ഓൺലെെൻ ക്ലാസുകളും തുടരുന്നുണ്ട്.
വിദ്യാർത്ഥികൾ കൂടുതലുള്ള കോളേജുകളിൽ രണ്ട് ബാച്ചുകളായാണ് ക്ലാസുകൾ. സൗകര്യങ്ങളുള്ള കോളോജുകളിൽ ഒരേസമയം തന്നെയാണ് ക്ലാസുകൾ നടക്കുന്നത്. ഒരു ക്ലാസിൽ 12 മുതൽ 15 വരെ വിദ്യാർത്ഥികളെയാണ് ഇരുത്തുന്നത്. മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് കൊവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം പ്രിൻസിപ്പൽമാർ റിപ്പോർട്ട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകണം. ഇത് വിലയിരുത്തിയാണ് ബാക്കി നടപടികൾ.
സഹകരിച്ച് വിദ്യാർത്ഥികളും
നിയന്ത്രണങ്ങളോടും നിർദേശങ്ങളോടും പൂർണമായി വിദ്യാർത്ഥികളും സഹകരിക്കുന്നുണ്ട്. ഒട്ടുമിക്ക വിദ്യാർത്ഥികളും സ്വന്തമായി സാനിറ്റെെസർ കരുതിയിട്ടുണ്ട്. ജനുവരി അവസാനം സെമസ്റ്റർ പരീക്ഷ തുടങ്ങുന്നതിനാൽ ക്ലാസുകൾ ആരംഭിച്ചത് വിദ്യാർത്ഥികൾക്ക് വളരെ സഹായമായി.
ഹോസ്റ്റലും ക്യാന്റീനും സജ്ജം
സംസ്ഥാനത്തെ ഒട്ടുമിക്ക കോളേജ് ഹോസ്റ്റലും ഞായറാഴ്ച പ്രവർത്തനം ആരംഭിച്ചു. അണുവിമുക്തമാക്കിയതിന് ശേഷമാണ് ഹോസ്റ്റലുകൾ വിദ്യാർത്ഥികൾക്കായി തുറന്നുകൊടുത്തത്. സാമൂഹ്യ അകലം പാലിച്ചാണ് മുറികളിൽ ബെഡുകൾ ക്രമീകരിച്ചത്. ക്യാന്റീനുകളിലും സാമൂഹ്യ അകലം പാലിക്കണമെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്.
സഹകരിച്ച് മുന്നോട്ട്
ഇതുവരെ സർക്കാരിന്റെ എല്ലാ നിർദേശങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ട്. വിദ്യാർത്ഥികളും അദ്ധ്യാപകരും ഒരുപോലെ സഹകരിക്കുന്നുണ്ട്.
ഡോ. മാത്യു ജോർജ്
പ്രിൻസിപ്പൽ
മഹാരാജാസ് കോളേജ്
സന്തോഷത്തോടെ
പരീക്ഷ അടുത്തതിനാൽ ക്ലാസുകൾ തുടങ്ങിയത് സഹായമായി. അവസാന വർഷ ക്യാമ്പസ് ജീവിതം നഷ്ടപ്പെടുമോ എന്ന വിഷമത്തിലായിരുന്നു. ജൂനിയേഴ്സിനെ ഒരുപാട് മിസ് ചെയ്യുന്നു.
ഷാലിമ സലീം
വിദ്യാർത്ഥിനി