c

കടയ്ക്കാവൂർ: റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപെട്ട് ബി.ജെ.പി റോഡ് ഉപരോധിച്ചു. കടയ്ക്കാവൂർ ചെക്കാലവിളാകം മുതൽ ചിറയിൻകീഴ് വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനെന്ന പേരിൽ റോഡ് ഭാഗികമായി പൊളിച്ചതിനുശേഷം അനിശ്ചിതമായി പണി നിറുത്തി വച്ചു. കാൽനട യാത്രക്കാരെയും വാഹനയാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാക്കുന്ന പൊതുമരാമത്തിനും കരാറുകാരനെതിരെയും വൻ പ്രതിഷേധമാണ് ഉയർന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നിരവധിതവണ ജനപ്രതിനിധികളും സാമൂഹ്യപ്രവർത്തകരും ബന്ധപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി റോഡ് ഉപരോധത്തിന് തയ്യാറായത്. പൊതു മരാമത്ത് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ രണ്ടു ദിവസത്തിനകം തന്നെ റോഡ് പണി പുനരാരംഭിച്ച് സമയബന്ധിതമായി പണി പൂർത്തിയാക്കുമെന്നും മറ്റ് ആവശ്യങ്ങളെല്ലാം അംഗീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറായതോടെയാണ് സമരം അവസാനിപ്പിച്ചത്. വൻപൊതുജന പങ്കാളിത്തത്തോടെ നടന്ന പ്രതിഷേധ സമരം ബി.ജെ.പി ജില്ലാ ട്രഷറർ നിഷാന്ത് സുഗുണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡന്റ് ഹരി ജി. ശാർക്കര, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബാബു, ഭുവനചന്ദ്രൻ, കായിക്കര അശോകൻ, ഗീത ഗോപാലൻ, വാർഡ് മെമ്പർമാരായ രേഖ, ഷീബ, അഭിലാഷ്, മഹിളാ മോർച്ച നേതാക്കളായ അപർണ, സീമ സിബിൽ രാജ്, സബിത, നിഷ സുജിത്ത് എന്നിവർ നേതൃത്വം നൽകി.