തിരുവനന്തപുരം: ദമ്പതികളുടെ ആത്മഹത്യയ്ക്ക് ഇടയാക്കിയ കുടിയൊഴിപ്പിൽ ഭൂമി അയൽവാസിയായ വസന്തയുടേതാണെന്ന വാദവുമായി അവരുടെ അഭിഭാഷകൻ.
വിലയാധാരത്തിന്റെയും നികുതി രസീതിന്റെയും പകർപ്പുകൾ കാട്ടി നടത്തിയ വാർത്താ സമ്മേളനത്തിൽ ഇത് സർക്കാരിന്റെ ലക്ഷം വീട് കോളനിയുടെ ഭാഗമല്ലെന്ന് അഡ്വ.കെ.ജി.വിജയകുമാർ
പറഞ്ഞു.
അഭിഭാഷകന്റെ വാദങ്ങൾ ഇങ്ങനെ:
1989ൽ എൽ.എ 8/89 എന്ന നമ്പരിൽ സുകുമാരൻ നായർക്കാണ് ആദ്യം പട്ടയം ലഭിക്കുന്നത്. 2001ൽ സുഗന്ധിക്ക് വിലയാധാരം നൽകി. 2006ൽ വസന്ത വിലയാധാരമായി വാങ്ങി. രാജനും കുടുംബവും വസ്തു കയ്യേറി ഷെഡ് നിർമ്മിച്ചതാണെന്ന് കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷന്റെ റിപ്പോർട്ടുണ്ട്.
അതിയന്നൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 21ൽ റീസർവ്വേ 852/16ൽ 1.20 ആർ (മൂന്നുസെന്റ്) ഭൂമി വസന്തയുടെ പേരിൽ 2019 ഡിസംബർ 24നാണ് അവസാനമായി കരം അടച്ചിരിക്കുന്നത്. 3634/06ാം നമ്പർ വിലയാധാരമായാണ് വസ്തു രജിസ്റ്റർ ചെയ്തത്. വസ്തുവിൽ അതിക്രമിച്ചു കയറിയതിന് വസന്ത സിവിൽ കേസ് ഫയൽ ചെയ്തിരുന്നു. വസന്തയുടേതാണ് വസ്തുവെന്ന് കോടതി കണ്ടെത്തി.
വസ്തുവിൽ രാജൻ ഉൾപ്പെടെയുള്ളവർ പ്രവേശിക്കരുതെന്നും കോടതി ഉത്തരവു നൽകി. ഒരു മാസത്തോളം മാത്രം പഴക്കമുള്ള ഷെഡ് പൊളിച്ചു നീക്കാനും ഉത്തരവിട്ടു.
അതിനു തയ്യാറാകാത്തതിനാൽ കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ സെപ്തംബർ 19ന് എത്തി. രാജനും മറ്റും എതിർത്തതിനാൽ പൊലീസ് സഹായം ആവശ്യപ്പെട്ടു ഹർജി നൽകി. കോടതി അനുവദിച്ചതിനെ തുടർന്നാണ് പൊലീസും കോടതി ഉദ്യോഗസ്ഥരും ഡിസംബർ 22ന് കോളനിയിലെത്തിയത്. ബോബി ചെമ്മണ്ണൂരുമായുണ്ടാക്കിയ കരാർ നിയമാനുസൃതമാണെന്നും അഭിഭാഷകൻ പറഞ്ഞു.