തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ വെള്ളിയാഴ്ച തുടങ്ങാനിരിക്കെ, സ്പീക്കർ പദവിയിൽനിന്ന് പി.ശ്രീരാമകൃഷ്ണനെ നീക്കംചെയ്യണമെന്ന പ്രമേയത്തിന് മുസ്ലിംലീഗ് അംഗം എം. ഉമ്മർ വീണ്ടും നോട്ടീസ് നൽകി.അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുത്ത കഴിഞ്ഞ ആഗസ്റ്റ് 24ലെ സമ്മേളനത്തിലും ഉമ്മർ നോട്ടീസ് നൽകിയിരുന്നെങ്കിലും 14 ദിവസത്തെ മുൻകൂർ നോട്ടീസ് വേണമെന്ന വ്യവസ്ഥ പാലിക്കാതിരുന്നതിനാൽ നിരസിച്ചിരുന്നു. ഇക്കുറി എട്ടിന് ആരംഭിക്കുന്ന സമ്മേളനം 14 ദിവസം നീണ്ടുനിൽക്കുന്നതിനാൽ ഇന്നലെ നൽകിയ നോട്ടീസ് പരിഗണിക്കേണ്ടിവരും. നോട്ടീസ് പരിഗണിക്കുമെന്ന് സ്പീക്കറുടെ ഓഫീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.ഭരണഘടനയുടെ അനുച്ഛേദം 179(സി), നിയമസഭാ നടപടിക്രമവും കാര്യനിർവഹണവും സംബന്ധിച്ച ചട്ടം 65 എന്നിവ പ്രകാരമാണ് ഉമ്മറിന്റെ നോട്ടീസ്. മുൻപ് വക്കം പുരുഷോത്തമൻ, എ.സി. ജോസ് എന്നീ സ്പീക്കർമാർക്കെതിരെ പ്രതിപക്ഷം നോട്ടീസ് നൽകിയിട്ടുണ്ട്.
നോട്ടീസിലെ വിമർശനങ്ങൾ
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്തിയെന്ന അതീവ ഗുരുതരവും രാജ്യദ്രോഹപരവുമായ കേസിലെ പ്രതികളുമായി സ്പീക്കർക്കുള്ള വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവും സ്വർണക്കടത്ത് കേസിലെ ഒരു പ്രതിയുടെ വർക്ക് ഷോപ്പിന്റെ ഉദ്ഘാടനച്ചടങ്ങിലെ സ്പീക്കറുടെ സാന്നിദ്ധ്യവും സഭയ്ക്ക് അപകീർത്തികരവും പവിത്രമായ നിയമസഭയുടെ അന്തസ്സിനും ഔന്നത്യത്തിനും മാന്യതയ്ക്കും നിരക്കാത്തതുമാണ്.
നിയമസഭയിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ, ഇ- നിയമസഭ, സഭാ ടി.വി., ഫെസ്റ്റിവൽ ഓൺ ഡെമോക്രസി തുടങ്ങിയ പരിപാടികളിലെ ധൂർത്തും അഴിമതിയും ചർച്ചാവിഷയമാണ്. മറ്റൊരു സ്പീക്കർക്കുമെതിരെ ഇത്തരം ഗുരുതരമായ ആരോപണങ്ങൾ ഉയർന്നുവന്നിട്ടില്ല. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ അന്തസ്സും യശസ്സും ഉയർത്തിപ്പിടിക്കുന്നതിനും അതിന്റെ ഔന്നത്യം കാത്തുസൂക്ഷിക്കുന്നതിനും ബാദ്ധ്യസ്ഥനായ സ്പീക്കർ അദ്ദേഹത്തിന്റെ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്നതിൽ തീർത്തും പരാജയപ്പെട്ടതിനാൽ ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്ത് നിന്നു നീക്കണം.