epj

തിരുവനന്തപുരം: വ്യവസായമന്ത്രി ഇ.പി. ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി എം. പ്രകാശൻ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി സംഘടനാ രംഗത്തേക്ക് മാറുന്നു. ഇതുസംബന്ധിച്ച സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശത്തിന് സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകി.

ഈ മാസം അവസാനത്തോടെ തിരഞ്ഞെടുപ്പ് സമിതികളെല്ലാം പൂർത്തീകരിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് പൂർണ്ണമായി മുഴുകാനാണ് തീരുമാനം. അതോടെ, എം. പ്രകാശനും മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് കണ്ണൂരിലേക്ക് മടങ്ങും. നേരത്തേ അഴീക്കോട് എം.എൽ.എയായിരുന്ന എം. പ്രകാശൻ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗമാണ്. ഇ.പി. ജയരാജൻ രണ്ടാമതും മന്ത്രിസഭയിലേക്ക് വന്നപ്പോഴാണ് എം. പ്രകാശൻ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായത്. പാർട്ടി നേതാക്കളെ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി നിയോഗിക്കണമെന്ന സി.പി.എം നിർദ്ദേശത്തിന്റെ ചുവട് പിടിച്ചാണ് എല്ലാ പാർട്ടി മന്ത്രിമാരുടെയും പ്രൈവറ്റ് സെക്രട്ടറിമാരായി സജീവ നേതാക്കളെ നിശ്ചയിച്ചത്.