ആറ്റിങ്ങൽ: ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആറ്റിങ്ങലിലെ കൺസ്യൂമർ ഫെഡിന്റെ വിദേശമദ്യ വില്പനശാല നഗരസഭ ആരോഗ്യ വിഭാഗം താത്കാലികമായി അടപ്പിച്ചു. നെല്ലനാട് പഞ്ചായത്തിലെ വയ്യേറ്റ് സ്വദേശിയായ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 2 നാണ് ഇയാൾ അവസാനമായി സ്ഥാപനത്തിലെത്തിയത്. കഴിഞ്ഞ ദിവസം രോഗലക്ഷണം ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇയാളെ റൂം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇയാളുമായി പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ജീവനക്കാരെ സ്വയം നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു. സ്ഥാപനം അണുവിമുക്തമാക്കി പകരം പുതിയ ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി നിർദ്ദേശിച്ചു.