വർക്കല: മണമ്പൂർ ചാവടിവിളാകം ജെ. മുരളീധരന് തന്റെ പേരിലുള്ള ലാന്റ് ഫോൺ (2689604) ഒരു പൊല്ലാപ്പായിരിക്കുകയാണ്. എത്രയോ വർഷങ്ങൾക്ക് മുൻപ് കണക്ഷൻ ലഭിച്ച ഫോണാണ്. ഇന്റർനെന്റ് കണക്ഷനുമുണ്ട്. ഇപ്പോൾ ഒന്നര വർഷത്തിനുള്ളിൽ ടെലിഫോൺ പ്രവർത്തിച്ചത് പലപ്പോഴായി കഷ്ടിച്ച് ഒരു മാസം മാത്രമാണ്. എല്ലാ മാസവും കൃത്യമായി ഫോൺ ബിൽ വരും. മുടക്കം കൂടാതെ അതടയ്ക്കുകയും ചെയ്തിരുന്നു. ടെലിഫോൺ വർക്ക് ചെയ്യാതായതോടെ നാല് മാസം പണം അടച്ചില്ല. പ്രിൻസിപ്പൽ ജനറൽ മാനേജർക്ക് ഇമെയിൽ വഴി പരാതി അയച്ചു. ഒരു പരിഹാരവുമുണ്ടായില്ല. ടെലിഫോൺ ആവശ്യമില്ലെന്ന് കാണിച്ച് കത്തും കൊടുത്തു. ഉടനെ ഫോൺ ശരിയാക്കിത്തരാമെന്ന് മറുപടി ലഭിച്ചു. ടെലിഫോൺ പ്രവർത്തിക്കാത്ത കാലത്ത് അടച്ച പണം കുറച്ച് തരണമെന്നും ആവശ്യപ്പെട്ടിരുന്നു. വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച് മറുപടി ലഭിച്ച ശേഷം പരിഹരിക്കാമെന്ന് മറുപടിയും ലഭിച്ചു. ഫോൺ പ്രവർത്തിച്ചുതുടങ്ങി രണ്ടാം ദിവസം വീണ്ടും പഴയപടിയായി. ഇതിനിടെ 1850 രൂപയുടെ ബില്ലും വന്നു. ആ പണവും അടച്ചു. 22 വർഷം വിദേശത്ത് ടെലിഫോൺ ടെക്നീഷ്യനായി (മെറ്റാലിക് ആൻഡ് ഫൈബർ) ജോലി ചെയ്ത ആളാണ് മുരളീധരൻ. ടെലിഫോണുകൾ ഇങ്ങനെ അനിശ്ചിതമായി കേടാകുന്ന സംഭവം കേരളത്തിലല്ലാതെ ലോകത്ത് മറ്രൊരിടത്തും ഉണ്ടാകില്ലെന്ന് അദ്ദേഹം പറയുന്നു. മുരളീധരന് ഒരപേക്ഷയെയുള്ളു തന്റെ പേരിലുള്ള ലാന്റ്ഫോൺ എന്നത്തേക്കുമായി കാൻസെൽ ചെയ്തുകിട്ടണം. അതോടൊപ്പം ഫോൺ പ്രവർത്തിക്കാതിരുന്ന കാലങ്ങളിൽ അടച്ച പണം മടക്കി കിട്ടുകയും വേണം. അതിനുവേണ്ടി അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ്.