photo

നെടുമങ്ങാട്:ആനാട് നിവാസികൾക്ക് കൃഷിഭവന്റെ നവവത്സര സമ്മാനമായി റോസുത്സവം. 'പുതുവർഷം, പുതുവസന്തം' എന്ന സന്ദേശമുയർത്തി ആനാട് കൃഷിഭവൻ ഇക്കോഷോപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുഷ്‌പോത്സവമാണ് നാടിനു നവ്യാനുഭവമായത്.ചെങ്കോട്ട ഹൈവേയിൽ നെടുമങ്ങാട്, പാലോട്, പൊൻമൂടി റൂട്ടിലെ സഞ്ചാരികൾക്കും പുതിയ കാഴ്ച പകർന്നു. മഞ്ഞയും റോസും വെള്ളയും ചുവപ്പും നിറത്തിൽപ്പെട്ട റോസാച്ചെടികൾ വാങ്ങാൻ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ടൗൺ വാർഡ് മെമ്പർ ആർ.അജയകുമാറിന് നിറപൂക്കളുള്ള റോസാച്ചെടി സമ്മാനിച്ച്,ആനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൊല്ലങ്കാവ് അനിൽകുമാർ റോസുത്സവം ഉദ്ഘാടനം ചെയ്തു.കാർഷിക വികസന സമിതിയംഗം എം.ജി. ധനീഷ്,കൃഷിഓഫീസർ എസ്.ജയകുമാർ, ഇക്കോഷോപ്പ് സെക്രട്ടറി കെ.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. സന്ദർശകരുടെയും കുടുംബങ്ങളുടെയും ആവശ്യം പരിഗണിച്ച് ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി ഇക്കോഷോപ്പ് നേതൃത്വത്തിൽ പുഷ്‌പോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.