കാഞ്ഞങ്ങാട്: ഡിവൈഎഫ്‌ഐ പ്രവർത്തകൻ കല്ലൂരാവി പഴയകടപ്പുറത്തെ ഔഫ് അബ്ദുൾറഹ്മാൻ കൊലക്കേസിലെ ഒന്നാം പ്രതി കല്ലൂരാവി മുണ്ടത്തോട്ടെ ഇർഷാദിനെ (26) ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യലിന് ശേഷം ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ(ഒന്ന്) ഹാജരാക്കി.ഈയാളെ കോടതി രണ്ടാഴ്ചത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തു.
ആറു ദിവസം ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ ചോദ്യം ചെയ്യലിനു വിധേയനായശേഷമാണ് അന്വേഷണോദ്യോഗസ്ഥർ ഇന്നലെ കോടതിയിൽ ഹാജരാക്കിയത്.കുത്താനുപയോഗിച്ച കത്തി കണ്ടെടുക്കുന്നതിനും മറ്റ് തെളിവുകൾ ശേഖരിക്കുന്നതുമായിരുന്നു ഇർഷാദിനെ ക്രൈംബ്രാഞ്ച് സംഘം നേരത്തെ കസ്റ്റഡിയിലാവശ്യപ്പെട്ടിരുന്നു. മുണ്ടത്തോട്ടിലെ ഒരു തെങ്ങിൻ ചുവട്ടിൽനിന്ന് ഇർഷാദ് തന്നെയാണ് കത്തി എടുത്ത് പൊലീസ്ഉദ്യോഗസ്ഥർക്ക് നൽകിയത്. സംഭവസ്ഥലത്തു നിന്നും ശേഖരിച്ച രക്തത്തിന്റെ സാംപിൾ നേരത്തെതന്നെ കോടതിയിൽ ഏൽപിച്ചിരുന്നു.
കേസിലെ രണ്ടും മൂന്നും പ്രതികളായ എം.എസ്.എഫ് പ്രവർത്തകൻ ഹസ്സൻ ,യൂത്ത് ലീഗ് പ്രവർത്തകൻ ആഷിർ എന്നിവരെ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിഗണിച്ച ഇരുവരെയും ഹാജരാക്കാൻ പ്രൊഡക്ഷൻ വാറന്റ് അയച്ചിട്ടുണ്ട്. ഇന്ന് ഇവരെ കോടതിയിൽ ഹാജരാക്കും.ഡിസംബർ 23 ന് രാത്രി 10.30ഓടെയാണ് ഔഫ് അബ്ദുൾ റഹ്മാൻ മുണ്ടത്തോട്ട് കുത്തേറ്റ് മരിക്കുന്നത്.